Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോഷ്യൽ മീഡിയ: കോടതി രക്ഷക്കെത്തുമോ?

ഇന്ത്യയിൽ സാങ്കേതിക ഭീമന്മാരും സർക്കാരും തമ്മിലുള്ള പ്രശ്‌നങ്ങൾ കൂടുതൽ നിയമയുദ്ധങ്ങളിലേക്ക് നീങ്ങുന്നു. കൈമാറുന്ന സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന പുതിയ ഐ.ടി ചട്ടങ്ങൾക്കെതിരെ വാട്‌സ്ആപ്പ് ദൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് വഴി അയക്കുന്ന സന്ദേശങ്ങളുടെ ഉറവിടം അറിയാൻ സഹായിക്കണമെന്നാണ് സമൂഹമാധ്യമ കമ്പനികളോട് ഐ.ടി ചട്ടങ്ങൾ ആവശ്യപ്പെടുന്നത്. ഈ ചട്ടങ്ങളുടെ ഭരണഘടനാ സാധുതയാണ് വാട്‌സ്ആപ്പ് ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ചോദ്യം ചെയ്യുന്നത്. പുതിയ ചട്ടങ്ങൾ ബുധനാഴ്ച പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പിനിടെ ചൊവ്വാഴ്ചയാണ് വാട്‌സ്ആപ്പിന്റെ ഹരജി. ചാറ്റുകളുടെ ഉറവിടം കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യം വാട്‌സ്ആപ്പ് വഴി അയക്കുന്ന ഓരോ സന്ദേശത്തിനുമേലും വിരലടയാളം പതിക്കണമെന്നാണെന്നും ഇത് തങ്ങളുടെ എൻഡ് ടു എന്റ് എൻക്രിപ്ഷൻ തന്നെ ഇല്ലാതാക്കുമെന്നാണ് വാട്‌സ്ആപ്പ് ചൂണ്ടിക്കാട്ടുന്നത്.

 

സന്ദേശം അയക്കുന്നയാളിൽനിന്ന് സ്വീകർത്താവിനു ലഭിക്കുന്നതുവരെ ഓരോ മെസേജും കോഡ് ഭാഷയിലായിരിക്കുമെന്നതാണ് എൻക്രിപ്ഷൻ. അയക്കുന്നയാളിനും സ്വീകരിക്കുന്നയാളിനുമിടയിൽ വാട്‌സ്ആപ്പ് കമ്പനിക്കു പോലും മെസേജിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. സ്വകാര്യത സംരക്ഷിക്കുന്നതിന് തങ്ങൾ ഏർപ്പെടുത്തിയ സംവിധാനം തകർക്കണമെന്ന ആവശ്യം ജനങ്ങളുടെ സ്വകാര്യതക്കുമേലുള്ള കടന്നുകയറ്റമാണെന്നും വാട്‌സ്ആപ്പ് വക്താവ് പറഞ്ഞു.
ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങൾ കവരുന്നതിനുള്ള സമ്മർദങ്ങൾക്കെതിരെ ലോകത്തെമ്പാടും പൗരാവകാശ ഗ്രൂപ്പുകളുമായും വിദഗ്ധരുമായും ചേർന്നു പ്രവർത്തിക്കുന്ന സമൂഹ മാധ്യമമാണ് വാട്‌സ്ആപ്പെന്നും കമ്പനി അവകാശപ്പെടുന്നു. 


അതേസമയം, ജനങ്ങളെ സുരക്ഷിതമാക്കുന്നതിനുള്ള പ്രായോഗിക നടപടികളിൽ കേന്ദ്രസർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. ലഭ്യമായ വിവരങ്ങൾ തേടിയുള്ള നിയമപരമായ ആവശ്യങ്ങളോട് കമ്പനി കൃത്യമായി പ്രതികരിക്കാറുണ്ടെന്നും വക്താവ് പറയുന്നു.
ഡിജിറ്റൽ മീഡിയ എത്തിക്‌സുമായി ബന്ധപ്പെട്ട 2021 ലെ ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങൾ ഫെബ്രുവരി 25 നാണ് വിജ്ഞാപനം ചെയ്തത്. ഇവ പാലിക്കാൻ സമൂഹ മാധ്യമ കമ്പനികൾക്ക് മൂന്നുമാസമാണ് സമയം അനുവദിച്ചിരുന്നത്.


പുതിയ ഐ.ടി നിയമങ്ങൾ ഇന്നലെയാണ് പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്. കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ഐ.ടി നിയമങ്ങൾ പാലിക്കാൻ വാട്‌സ്ആപ്പും ഇൻസ്റ്റഗ്രാമും തയാറാണെന്നും ഇക്കാര്യത്തിൽ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്നും ഫെയ്‌സ്ബുക് അറിയിച്ചു. പുതിയ നിയമങ്ങളിൽ പറയുന്ന ഏതാനും കാര്യങ്ങളിൽ തങ്ങൾക്ക് പ്രശ്‌നമുണ്ടെന്നും അത് അധികാരികളുമായി സംസാരിച്ചു പരിഹരിക്കുമെന്നുമാണ് കമ്പനി വക്താവ് പറഞ്ഞത്.
പ്രശ്‌നങ്ങൾ പരിഹരിച്ച് കൂടുതൽ കാര്യക്ഷമതയോടെ എങ്ങനെ മുന്നോട്ടുപോകാമെന്ന കാര്യമാണ് ഇപ്പോൾ ആലോചിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 


വ്യക്തികളുടെ രഹസ്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കോടതികൾ മുന്നോട്ടുവരികയും സർക്കാർ അത് അംഗീകരിക്കാൻ തയാറാകാതിരിക്കുകയും ചെയ്താൽ പുതിയ നിയമങ്ങൾ എന്നു പ്രാബല്യത്തിൽവന്നാലും അന്നു മുതൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ രാജ്യത്ത് ഇല്ലാതാകും.  ഉപയോക്താവ് ആരാണെന്ന് വാട്‌സ്ആപ്പ് അടക്കമുള്ള സേവനദാതാക്കൾ നേരിട്ടു വെരിഫൈ ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. അതായത്, ഏതെങ്കിലും ഒരു പേരിനു പിന്നിൽ മറഞ്ഞിരുന്നാണ് സന്ദേശം കൈമാറുന്നതെങ്കിലും ഉറവിടം വ്യക്തമായി അറിയാനാകും. ഐഡന്റിറ്റി ഈ പ്ലാറ്റ്‌ഫോമുകൾ അറിഞ്ഞിരിക്കണം.


വർഷങ്ങൾക്കു മുമ്പ് ഈ ആവശ്യം സർക്കാർ ഉയർത്തിയപ്പോൾ അതു സാധ്യമല്ല തങ്ങൾ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിപ്പോകുകയാണ് എന്നാണ് കമ്പനി അറിയിച്ചിരുന്നത്. മറ്റൊരു സാധ്യത ഇന്ത്യയ്ക്കായി പുതിയ സംവിധാനം കൊണ്ടുവരിക എന്നതാണ്. അന്ന് അതിനു താത്പര്യമില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്.  
ഇന്ത്യയിൽ മാത്രമല്ല, സമൂഹ മാധ്യമങ്ങളെയും മറ്റും വരുതിയിൽ നിർത്താനുള്ള ശ്രമങ്ങൾ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. റഷ്യയിൽ ഗൂഗിളിനോട് ചില ഉള്ളടക്കങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽനിന്ന് നീക്കംചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഗൂഗിൾ ഇതു പാലിക്കാതെ വന്നിതിനാൽ കമ്പനിക്ക് 6 ദശലക്ഷം ഡോളർ പിഴയിട്ടിരിക്കുകയാണ് റഷ്യൻ കോടതി. 


ഇന്റർനെറ്റിൽ കുത്തക സ്ഥാപിച്ച കമ്പനിയായ ഗൂഗിൾ തങ്ങളുടെ മേൽക്കോയ്മ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ജർമനി. ഗൂഗിൾ ജർമനി. ഗൂഗിൾ അയർലൻഡ്, ഗൂഗിളിന്റെ മാതൃ കമ്പനി ആൽഫബെറ്റ് എന്നിവ തങ്ങളുടെ വിപണി ആധിപത്യം ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നാണ് അന്വേഷണം.

 

Latest News