പതിനേഴ് സ്ത്രീകളെ പീഡിപ്പിച്ച വൈരമുത്തുവിന്   ഒഎന്‍വി പുരസ്‌കാരമോ?  റിമയും പാര്‍വതിയും

കൊച്ചി- നിരവധി പേര്‍ മീ ടൂവിലൂടെ ലൈംഗിക ആരോപണം തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടിമാരായ റിമ കല്ലിങ്കലും പാര്‍വതിയും . പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്ബുക്കില്‍ കുറിച്ചത്. റിമയ്ക്ക് പുറമെ സംഭവത്തില്‍ നടി പാര്‍വതി തിരുവോത്തും പ്രതിഷേധമറിയിച്ച് രംഗത്തെത്തി. തീരുമാനം പുനപരിശോധിക്കണമെന്ന് മീന കന്ദസ്വാമിയും ആവശ്യപ്പെട്ടിരുന്നു. വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപദയും പുരസ്‌കാരം നല്‍കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
'ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി നല്‍കുന്ന ഒ.എന്‍.വി സാഹിത്യ പുരസ്‌കാരത്തിന് വൈരമുത്തു അര്‍ഹനായിരിക്കുന്നു. അന്തരിച്ച ശ്രീ ഒ.എന്‍.വി കുറുപ്പിന് അഭിമാനിക്കാം' എന്നായിരുന്നു ചിന്മയി ട്വിറ്ററില്‍ എഴുതിയത്. മീടൂ ആരോപിതനായ അദ്ദേഹത്തിന് ഇപ്പോഴും അഭിമാനകരമായ ഈ പുരസ്‌കാരം ലഭിക്കുന്നു. ഒരു ഇതിഹാസ കവിയോട് കാണിക്കാവുന്ന ഏറ്റവും വലിയ അപമാനമാണ് ഇതെന്ന് പറഞ്ഞാണ് നിരവധി പേര്‍ ചിന്മയിയുടെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ട്വിറ്ററില്‍ നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയനോടും അടൂര്‍ ഗോപാലകൃഷ്ണനോടും പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. അടൂര്‍ ഗോപാലകൃഷ്ണനാണ് ചെയര്‍മാന്‍. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നത് മലയാള സാഹത്യലോകത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത്.

Latest News