നടി പാര്‍വതിക്കെതിരെ വ്യക്തിഹത്യ; ഒരാള്‍ അറസ്റ്റില്‍ 

കൊച്ചി- സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടത്തുന്നുവെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.  വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് കൊച്ചി പോലീസിന്റെ പിടിയിലായത്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തിയെന്നും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി.  
മമ്മൂട്ടി നായകനായ സിനിമ കസബയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം പ്രത്യക്ഷപ്പെട്ടത്. ചലച്ചിത്ര മേളയുടെ വേദിയിലായിരുന്നു സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ പാര്‍വതി വിമര്‍ശിച്ചത്. 
നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയില്ലെന്നായിരുന്നു പാര്‍വതി പറഞ്ഞത്. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍നിന്ന് നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ്  ഫേസ്ബുക്ക്, ട്വിറ്റര്‍  ലൈക്ക് ചെയ്യൂ 

Latest News