കണ്ണൂർ - കെ.പി.സി.സി അധ്യക്ഷ പദവി ലക്ഷ്യമിട്ട് കെ.സുധാകരൻ മുഖം മിനുക്കൽ നടപടി തുടങ്ങി. പാർട്ടിയിലെ എതിർശബ്ദങ്ങളെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് എ, ഐ വിഭാഗം നേതാക്കളെയും ജനപ്രതിനിധികളെയും നേരിൽ കണ്ടാണ് ചർച്ച നടത്തി വരുന്നത്. ഏവർക്കും സ്വീകാര്യനായ ഒരു നേതാവായി മാറുകയെന്ന ലക്ഷ്യമിട്ടാണ് സുധാകരന്റെ നീക്കം. പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമുണ്ടായ സാഹചര്യത്തിൽ കെ.പി. സി.സി അധ്യക്ഷ പദവിയിലും മാറ്റം വരാനുള്ള സാധ്യത ഏറിയതും ഇതിൽ കെ.സുധാകരന്റെ പേരിന് പരിഗണന ലഭിച്ചതുമാണ് അനുനയത്തിന്റെ മാർഗം സ്വീകരിക്കാൻ സുധാകരനെ പ്രേരിപ്പിച്ചത്. വർഷങ്ങളായി സി.പി.എം കോട്ടയായ കണ്ണൂരിൽ സി.പി.എമ്മിന്റെ മുഴുവൻ സംഘടനാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പാർട്ടി കെട്ടിപ്പടുത്ത, ചോദ്യം ചെയ്യാനാവാത്ത നേതാവാണെങ്കിലും കണ്ണൂരിന് പുറത്ത് നേതാക്കൾക്കിടയിൽ സുധാകരന് സ്വാധീനം കുറവാണ്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അണികൾ ഒപ്പമുണ്ടെങ്കിലും സ്വന്തം തട്ടകത്തു തന്നെ നേതാക്കളിൽ പലരും എതിരാണ്. എ വിഭാഗത്തിന്റെ കടുത്ത എതിർപ്പിന് പിന്നാലെ കെ.സി.വേണുഗോപാൽ വിഭാഗവും മുഖം തിരിച്ച് നിൽപാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനുള്ള ചർച്ചകൾ വന്നപ്പോൾ അതിന് തടയിട്ടത് കണ്ണൂരിൽ നിന്നു തന്നെയുള്ള ദേശീയ ഭാരവാഹിയായിരുന്നു. തന്റെ വഴി അടച്ചത് ആരാണെന്ന് അറിയാമെന്ന് സുധാകരൻ അന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
സമീപകാലത്തായി കണ്ണൂരിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവെന്ന പദവിയും സുധാകരന് നഷ്ടമാവുകയാണ്. ആദ്യകാല സഹപ്രവർത്തകൻ കൂടിയായ മമ്പറം ദിവാകരൻ അടക്കം സുധാകരനെതിരെ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. ഐ. വിഭാഗത്തിൽ നിന്നടക്കം മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിട്ടുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സതീശൻ പാച്ചേനിയുടെ തോൽവിയെ ചൊല്ലിയാണിത്. സതീശന്റെ വിജയത്തിനായി സുധാകരൻ രംഗത്തിറങ്ങിയില്ലെന്നാണ് പ്രധാന ആക്ഷേപം.
വിദ്യാർഥി പ്രസ്ഥാന കാലം മുതൽ തുടർന്നു വന്ന, ആരെയും കൂസാത്ത ഭാവവും വെട്ടിത്തുറന്നുള്ള പ്രതികരണങ്ങളും അണികൾക്കിടയിൽ സുധാകരന് വീര പരിവേഷം നൽകുന്നുണ്ടെങ്കിലും നേതാക്കൾക്കിടയിൽ ഇത് അത്ര സ്വീകാര്യമാവുന്നില്ല. സുധാകരൻ കെ.പി സി.സി പ്രസിഡന്റ് സ്ഥാനത്തെത്തിയാൽ മുതിർന്ന നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കില്ലന്ന ആശങ്കയും ഇവരിലുണ്ട്. മാത്രമല്ല, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന ശൈലി സുധാരനില്ലെന്നും ഇവർ പറയുന്നു.
സുധാകരന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള യാത്രക്ക് തടയിടാൻ ദേശീയ നേതൃത്വത്തിന് മുന്നിൽ ഇവർ അവതരിപ്പിക്കുന്ന വിഷയങ്ങളും ഇതാണ്. എന്നാൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കൾ കൈയൊഴിഞ്ഞാലും എ.കെ.ആന്റണിയുടെ പിൻതുണ സുധാകരന് ലഭിക്കുന്നുണ്ടെന്നത് പ്രധാന വിഷയമാണ്. സുധാകരനെ പോലൊരാൾ വേണം ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിയെ നയിക്കാനെന്ന് ആന്റണി പരസ്യമായി തന്നെ പ്രതികരിച്ചു കഴിഞ്ഞു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.വി.തോമസ്, മുൻ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ തുടങ്ങിയവർ ഈ പദവി മുന്നിൽ കണ്ട് കരുക്കൾ നീക്കിത്തുടങ്ങിയ പശ്ചാത്തലത്തിൽ വളരെ കരുതലോടെയാണ് സുധാകരന്റെ നീക്കം. വിവാദ പ്രസ്താവനകളും നേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങളും ഒഴിവാക്കിയാണ് സുധാകരന്റെ പ്രതികരണങ്ങൾ.
നിയമസഭാ ഫലപ്രഖ്യാപനത്തിന് ശേഷം ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചതെങ്കിലും ഏവരെയും അമ്പരിപ്പിച്ച സൗമ്യമായ പ്രതികരണങ്ങളാണ് സുധാകരനിൽ നിന്നുണ്ടായത്. പ്രതിപക്ഷ നേതാവ് ഐ വിഭാഗത്തിൽ നിന്നുള്ളയാളായതിനാൽ കെ.പി.സി.സി പ്രസിഡന്റ് എ വിഭാഗത്തിൽ നിന്നുള്ള ആളാവണമെന്ന വാദം എ വിഭാഗം ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. കെ.സി.ജോസഫ് അടക്കം ഉമ്മൻ ചാണ്ടിയുടെ ആശീർവാദത്തോടെ ഈ പദവി മുന്നിൽ കണ്ട് നീക്കം ആരംഭിച്ചിട്ടുമുണ്ട്. എന്നാൽ ഗ്രൂപ്പ് പരിഗണനകൾ ഇനി ഇല്ലെന്ന ദേശീയ നേതൃതീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പരമാവധി ജനപ്രതിനിധികളുടെ പിൻതുണ നേടുകയാണ് പോംവഴി. ഇതിൽ വിജയിക്കുന്നവർ പ്രസിഡന്റ് പദവിയിലെത്തും. ഇതിനുള്ള അണിയറ നീക്കങ്ങളാണ് നടന്നു വരുന്നത്.