പയ്യന്നൂർ- ഒരു കുടുംബത്തിലെ ഒന്നിൽ കൂടുതൽ പേർക്ക് പിറന്നാൾ ദിനം ഒരേ ദിവസം വരുന്നത് അപൂർവമല്ല, എന്നാൽ അച്ഛനും അമ്മയ്ക്കും രണ്ട് മക്കൾക്കും ഒരേ ദിവസം പിറന്നാൾ ദിനം വരുന്നത് അത്യപൂർവമാണ്. ലോകത്തു തന്നെ അപൂർവമായ പിറന്നാൾ ദിനമാണ് പാടിയോട്ടുചാൽ സ്വദേശിയും മുൻ പ്രവാസിയുമായ അനീഷ് കുമാറും കുടുംബവും ആഘോഷിച്ചത്. മെയ് 25 ആണ് ഈ കുടുംബത്തിലെ മുഴുവൻ പേരുടെയും ജന്മദിനം.
പത്ത് വർഷങ്ങൾക്കു മുൻപാണ് കണ്ണൂർ പാടിയോട്ടുചാൽ സ്വദേശികളായ അനീഷ് കുമാറും അജിതയും വിവാഹിതരാകുന്നത്. വിവാഹ ആലോചനയുടെ സമയത്തു തന്നെ ജന്മദിനത്തിലെ സാമ്യം ശ്രദ്ധിച്ചിരുന്നു. ഇരുവരുടെയും ജൻമദിനം ഒരേ ദിവസമാണ്.
എന്നാൽ അവിടം കൊണ്ടും തീർന്നില്ല ഈ കുടുംബത്തിലെ അപൂർവ സാമ്യതകൾ. 2012 ൽ ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു. മകൾ ജനിച്ചതും അതേ ദിവസം തന്നെ. അഞ്ച് വർഷങ്ങൾക്കിപ്പുറം 2019 ൽ മകൻ ജനിച്ചു. അതും മറ്റു മൂവരുടെയും ജൻമദിനത്തിന്റെ അന്നു തന്നെ. അങ്ങനെ മെയ് 25 എന്ന ദിവസം ഈ കുടുംബത്തിലെ എല്ലാവരുടെയും ജീവിതത്തിലെ ഒരു പ്രത്യേക ദിവസം തന്നെയായി. അപൂർവങ്ങളിൽ അപൂർവം എന്നു തന്നെ വിളിക്കാവുന്ന ഒരു സവിശേഷത.
1981 മെയ് 25 നാണ് അനീഷ് ജനിച്ചത്. അജിതയുടെ ജൻമദിനം 1987 മെയ് 25 ന്. 2012 മെയ് 25 ന് മകൾ ആരാധ്യയും 2019 മെയ് 25 ന് മകൻ ആഗ്നെയും ജനിച്ചു.
ഈ സംഭവം അറിയുമ്പോൾ കേൾക്കുന്ന എല്ലാവരും അത്ഭുതപ്പെടാറുണ്ട്. മക്കളുടെ ജനനവും യാദൃഛികമായി ഇതേ ദിവസം തന്നെ സംഭവിച്ചതാണെന്നു അനീഷ് പറയുന്നു.
കഴിഞ്ഞ വർഷം മുതലാണ് ഞങ്ങളുടെ ഫോട്ടോ ഒക്കെ വെച്ച് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ സവിശേഷതയുള്ള മറ്റേതെങ്കിലും കുടുംബത്തെക്കുറിച്ച് കേട്ടിട്ടില്ല. യാദൃഛികമായി സംഭവിച്ച ഈ സാമ്യതയിൽ സന്തോഷമേ ഉള്ളൂ -അനീഷ് പറഞ്ഞു.
കഴിഞ്ഞ മെയ് 25 നാണ് മകന് ഒരു വയസ്സ് തികഞ്ഞത്. കോവിഡ് ആയതിനാൽ ആഘോഷങ്ങൾ വേണ്ടെന്നുവെച്ചു. ഇത്തവണയും അങ്ങനെ തന്നെ. കേക്ക് മുറിച്ച് വീടിനുള്ളിൽ തന്നെ സന്തോഷം പങ്കുവെച്ചു. എല്ലാവരും ആശംസകൾ അറിയിക്കുമ്പോഴും സന്തോഷമെന്ന് അനീഷ് കൂട്ടിച്ചർത്തു. കണ്ണൂർ പാടിയോട്ടുചാൽ സ്വദേശികളാണ് അനീഷും കുടുംബവും. നേരത്തെ പ്രവാസിയായിരുന്ന അനീഷ് ഇപ്പോൾ നാട്ടിൽ ഫാം നടത്തുകയാണ്. പയ്യന്നൂർ സബ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ് ഭാര്യ അജിത.