Sorry, you need to enable JavaScript to visit this website.

ഒരു ദിര്‍ഹം ലാഭിക്കാന്‍  ദുബായിക്കാര്‍ സ്‌റ്റെപ്പ് കയറുന്നു 

ദുബായ്- ദുബായില്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ എസ്‌കലേറ്റര്‍ ഒഴിവാക്കി കോണിപ്പടി കയറുന്നവര്‍ പുതിയ കാഴ്ച. ടിക്കറ്റ് നിരക്കിലെ ഇളവിനുവേണ്ടിയല്ല, മറ്റാര്‍ക്കോ വേണ്ടി ഒരു ദിര്‍ഹം ലാഭിക്കാനാണ് ആയിരക്കണക്കിനാളുകളുടെ ഈ കോണി കയറ്റം. 50 സ്റ്റെപ്പുകള്‍ അവര്‍ ചവിട്ടിക്കയറുമ്പോള്‍ ഒരു ദിര്‍ഹം വീതം റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ജീവകാരുണ്യ ഫണ്ടിലേക്ക് നീക്കിവെക്കുന്നു. വ്യായാമത്തോടൊപ്പമുളള ചാരിറ്റി. 
ബുര്‍ജുമാന്‍ മെട്രോ സ്‌റ്റേഷനില്‍ അധികൃതര്‍ നടപ്പിലാക്കിയ ചാരിറ്റി നടത്തം വന്‍ സ്വീകാര്യതയാണ് നേടിയത്.
ഇത്തിരി വ്യായമത്തോടൊപ്പം വലിയൊരു ചാരിറ്റി സംരഭത്തില്‍ പങ്കാളികളാകാന്‍ കഴിയുന്നു എന്നതാണ് മെട്രോ യാത്രക്കാരെ ആഹ്ലാദത്തോടെ ഈ സ്‌റ്റെപ്പുകള്‍ കയറാന്‍ പ്രേരിപ്പിക്കുന്നത്.
ദാന വര്‍ഷത്തിന്റെ ഭാഗമായി ആര്‍.ടി.എ ഈ വര്‍ഷം നടപ്പാക്കുന്ന ഏഴ് പദ്ധതികളില്‍ അവസാനത്തേതാണ് ഈ ചാരിറ്റബിള്‍ സ്റ്റെപ്പസ്. ദിവസം 30,000 പേര്‍ ഉപയോഗിക്കുന്ന ബുര്‍ജുമാന്‍ സ്‌റ്റേഷനില്‍ തുടങ്ങി പുതുവര്‍ഷത്തില്‍ ഇത് ഒന്നോ രണ്ടോ സ്‌റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും. പുതിയ വര്‍ഷം സായിദ് വര്‍ഷമായി ആചരിക്കുമ്പോള്‍ പുതിയ പദ്ധതികള്‍ക്ക് ആര്‍.ടി.എ രൂപം നല്‍കും. 
ബുര്‍ജുമാന്‍ സ്റ്റേഷനിലേക്കുള്ള കോണിയുടെ ആദ്യ സ്‌റ്റെപ്പില്‍ സ്ഥാപിച്ച സെന്‍സറാണ് ഓരോ ദിവസവും സ്‌റ്റെപ്പുകള്‍ കയറുന്നവരുടെ എണ്ണം രേഖപ്പെടുത്തുക. ഈ എണ്ണത്തിനനുസരിച്ചുള്ള തുക ആര്‍.ടി.എ ജീവകാരുണ്യ ഫണ്ടിലേക്ക് നല്‍കും. ബൈത്തുല്‍ ഖൈര്‍, ദാറുല്‍ ബിര്‍റ് സൊസൈറ്റി എന്നിവയുമായി ആലോചിച്ചാണ് ഏതു സ്ഥാപനത്തിനു ജീവകാരണ്യ സഹായം നല്‍കണമെന്ന് തീരുമാനിക്കുക.
ഇത്തിരി വ്യായാമം ലഭിക്കുന്നതോടൊപ്പം ചാരിറ്റിക്കായി ഒരു റിയാല്‍ ലാഭിക്കുന്നത് നമ്മുടെ തന്നെ നേട്ടത്തിനാണെന്ന് എല്ലാ ദിവസവും മെട്രോയില്‍ യാത്ര ചെയ്യുന്നവരില്‍ ഒരാള്‍ പറഞ്ഞു. 

Latest News