റിയാദ് - അടുത്ത അധ്യയന വർഷത്തിൽ രാജ്യത്തെ സ്കൂളുകളിൽ രണ്ടു ടേമുകൾക്കു പകരം മൂന്നു ടേമുകളുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് പറഞ്ഞു. ഇതിൽ ഓരോ ടേമുകളും 13 ആഴ്ച വീതം അടങ്ങിയതായിരിക്കും. ഓരോ ടേമുകൾക്കുമിടയിൽ ഒരാഴ്ച നീളുന്ന അവധിയുണ്ടാകും. ഒരു അധ്യയന വർഷത്തിൽ ആകെ 12 അവധികളുണ്ടാകും.
അടുത്ത അധ്യയന വർഷം മുതൽ പുതിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയും അധ്യയന ദിവസങ്ങൾ വർധിപ്പിക്കുകയും ചെയ്യും. നിലവിലുള്ള പാഠ്യപദ്ധതികൾ ദീർഘകാലം മുമ്പ് പരിഷ്കരിക്കേണ്ടതായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ മുന്നോക്കമായ രാജ്യങ്ങളിലെയും സൗദിയിലെയും വിദ്യാഭ്യാസ സംവിധാനങ്ങൾ താരതമ്യം ചെയ്തതിൽ നിന്ന് ആ രാജ്യങ്ങളിലെയും സൗദിയിലെയും അധ്യയന ദിവസങ്ങൾ തമ്മിൽ അന്തരമുള്ളതായി വ്യക്തമായിട്ടുണ്ട്.
അടുത്ത വർഷം യൂനിവേഴ്സിറ്റികളിൽ പ്രിപ്പറേറ്ററി വർഷം റദ്ദാക്കാൻ ലക്ഷ്യമിടുന്നു. മദ്റസതീ പ്ലാറ്റ്ഫോം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിനു മുമ്പായി മുഴുവൻ വിദ്യാഭ്യാസ മേഖലാ ജീവനക്കാരും വാക്സിൻ സ്വീകരിക്കണം. പുതിയ അധ്യയന വർഷം മുഹറം 21 ന് ഞായറാഴ്ച ആരംഭിക്കുകയും ദുൽഹജ് ഒന്നിന് വ്യാഴാഴ്ച അവസാനിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അധ്യാപകർക്ക് വേനൽക്കാല പരിശീലനം നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നാലും വ്യത്യസ്ത രീതിയിൽ ഡിസ്റ്റൻസ് വിദ്യാഭ്യാസം തുടരും. മദ്റസതീ പ്ലാറ്റ്ഫോം അടക്കില്ല. സൗദിയിൽ വിദ്യാഭ്യാസ സംവിധാനത്തിന്റെ കാര്യക്ഷമത ഉയർത്തുന്നതിന് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്നും ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് പറഞ്ഞു.






