എന്റെ അഭിപ്രായത്തോട് എതിര്‍പ്പുള്ളവര്‍ മോശമായി പ്രതികരിക്കുന്നു,  അവരെ മറ്റു ചിലര്‍ തെറി വിളിക്കുന്നു-സിത്താര

ചേളാരി- സൈബറിടത്തിലെ മോശം അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഗായിക സിത്താര കൃഷ്ണ കുമാര്‍. താന്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ മോശമായി പ്രതിരിക്കുന്നു. പിന്നീട് അയാളെ എതിര്‍ക്കുന്നതിനായി മറ്റു ചിലര്‍ അതിലും മോശമായ ഭാഷ ഉപയോഗിക്കുന്നു. ഇത് ശരിയായ രീതിയല്ലെന്നാണ് സിത്താര പറയുന്നത്. ഫേസ്ബുക്കിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
എന്ത് വിഷയമാണെങ്കിലും അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. എന്നാല്‍ പരസ്പര ബഹുമാനത്തോടെയാണ് അത് പറഞ്ഞ് തീര്‍ക്കേണ്ടത്. അല്ലാതെ തെറിവിളികളും, ബഹളം വെക്കലും സഹിഷ്ണുതയുള്ള ജനതയുടെ അടയാളമല്ലെന്നും സിത്താര അഭിപ്രായപ്പെട്ടു.

സിത്താരയുടെ വാക്കുകള്‍:
'വിഷയം ഏതുമാവട്ടെ രാഷ്ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും...അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്! പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങള്‍ ആണ് നമുക്കാവശ്യം പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുന്നത്.  ഒരാള്‍ക്ക് എന്റെ അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ട് എന്ന് കരുതുക, അയാള്‍ പരസ്യമായി വികൃതമായ ഭാഷയില്‍ പ്രതികരിക്കുന്നു അയാളെ എതിര്‍ക്കാനായി അതിലും മോശം ഭാഷയില്‍ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിര്‍ലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടര്‍ നിങ്ങള്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ് എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങള്‍ എനിക്ക് പ്രിയപെട്ടവരാകുന്നില്ല ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല ,നമുക്ക് ആശയപരമായി സംവദിക്കാം!'
കഴിഞ്ഞ ദിവസം ലക്ഷദ്വീപ് നിവാസികള്‍ക്ക് സിത്താര പിന്തുണ അറിയിച്ചിരുന്നു. ഇതിനെതിരെ മോശം കമന്റുമായി ചിലര്‍ വന്നിരുന്നു. അവരെ നേരിടാന്‍ അതിലും മോശമായ കമന്റുകളുടെ മറ്റു ചിലരും വന്നിരുന്നു.
 

Latest News