നടി സൊണാലി കുല്‍ക്കര്‍ണിയുടെ വീട്ടില്‍ കയറി  ആരാധകന്റെ ആക്രമണം; പിതാവിന് കുത്തേറ്റു

പൂനെ-പ്രമുഖ മറാത്തി നടി സൊണാലി കുല്‍ക്കര്‍ണിയുടെ വീട്ടില്‍ കയറി യുവാവ് നടത്തിയ ആക്രമണത്തില്‍ പിതാവിന് കുത്തേറ്റു. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ നടന്ന സംഭവത്തില്‍ പുനെയിലുള്ള നടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി മനോഹര്‍ കുല്‍ക്കര്‍ണിയെ കുത്തുകയായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ 24 കാരനായ അജയ് ഷെഡ്‌ഗേ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആക്രമണം നടന്നയുടന്‍ പോലീസ് സ്ഥലത്ത് എത്തുകയും പരിസരപ്രദേശത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ കുല്‍ക്കര്‍ണിയുടെ സ്ഥിതി ഗുരുതരമല്ല. തെരുവിന് സമീപമുള്ള പൈപ്പിലൂടെ ടെറസില്‍ കയറി അതിലൂടെയാണ് അക്രമി വീടിനുള്ളില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് കുമാന്‍ ബനോദേക്കര്‍ക്കൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് സൊണാലി. വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. പൂനെയില്‍ ഗിഡിയിലെ വീട്ടില്‍ മാതാപിതാക്കള്‍ മാത്രമാണ് താമസം. താന്‍ നടിയുടെ ആരാധകനാണ് താനെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. അക്രമി ആരാധകനാണോ അല്ലയോ എന്ന കാര്യം തനിക്കറിയില്ലെന്നാണ് നടി പ്രതികരിച്ചിരിക്കുന്നത്.
മറാത്തി ചിത്രങ്ങളിലൂടെയാണ് സൊണാലി പ്രശസ്തി നേടുന്നത്. ഗ്രാന്റ് മസ്തി അടക്കമുള്ള ഏതാനും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം നൃത്തത്തില്‍ പ്രാവീണ്യമുള്ള നടി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജായും എത്തിയിട്ടുണ്ട്‌
 

Latest News