ജനീവ- ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദമായ B.1.617 ലോകത്തൊട്ടാകെ 53 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. മറ്റ് ഏഴു രാജ്യങ്ങളിലും ഇത് കണ്ടെത്തിയതായ അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ടെന്നും ലോക ആരോഗ്യ സംഘടനയുടെ വീക്ക്ലി റിപോര്‍ട്ടില്‍ പറയുന്നു. വൈറസിന്റെ ഈ വകഭേദം കൂടുതല്‍ വ്യാപനതീവ്രത കൈവരിച്ചതായും റിപോര്‍ട്ടിലുണ്ട്. ഇതു ബാധിച്ചാലുള്ള രോഗതീവ്രത, പകര്‍ച്ചാ സാധ്യത എന്നിവ പഠിച്ചു വരികയാണ്.
ആഗോള തലത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണവു മരണങ്ങളും കുറഞ്ഞ് വരുന്നതായാണ് പ്രവണതെന്ന് റിപോര്‍ട്ട് പറയുന്നു. ഒരാഴ്ചയ്ക്കിടെ 41 ലക്ഷത്തോളം പുതിയ കേസുകളും 84,000 മരണങ്ങളുമാണ് ലോകത്തൊട്ടാകെ റിപോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളില്‍ 14 ശതമാനവും മരണങ്ങളില്‍ രണ്ട് ശതമാനവും കുറഞ്ഞിട്ടുണ്ട്.
കോവിഡ് കേസുകളും മരണങ്ങളും ഗണ്യമായി കുറഞ്ഞത് യൂറോപ്യന്‍ മേഖലയിലാണ്. തുടര്‍ന്ന് തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലും. അമേരിക്ക, കിഴക്കന്‍ മെഡിറ്ററേനിയന്‍, ആഫ്രിക്ക, പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ കോവിഡ് കേസുകളും മരണങ്ങളും മുന്‍ ആഴ്ചയിലേതു പോലെ തന്നെ തുടരുന്നു. കഴിഞ്ഞ നാല് ആഴ്ചകളില്‍ ആഗോള തലത്തില്‍ കുറഞ്ഞ് വരുന്ന പ്രവണതയാണ് കണ്ടതെങ്കിലും പുതിയ കേസുകളും മരണങ്ങളും ഉയര്‍ന്ന തോതില്‍ തന്നെ നിലനില്‍ക്കുകയാണെന്നും ലോകാരോഗ്യ സംഘടന റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യത് ഇന്ത്യയിലാണ്. 18.46 ലക്ഷം കേസുകള്‍ (23 ശതമാനം കുറഞ്ഞു). ബ്രസീല്‍ മൂന്ന് ശതമാനം വര്‍ധിച്ച് 4.5 ലക്ഷം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ആര്‍ജന്റീന 2.13 ലക്ഷം (41 ശതമാനം വര്‍ധന), യുഎസ് 1.88 ലക്ഷം (20 ശതമാനം കുറവ്), കൊളംബിയ 1.07 ലക്ഷം(7 ശതമാനം കുറവ്) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തില്‍ ആശങ്കയുള്ള വകഭേദങ്ങളായി ലോകാരോഗ്യ സംഘടന എണ്ണിയത് ബ്രിട്ടന് (B.1.1.7), ദക്ഷിണാഫ്രിക്ക (B.1.351), ബ്രസീല്‍ (P.1), ഇന്ത്യ (B.1.617) എന്നിവയാണ്.






