Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് വാക്‌സിനെടുത്തവർ രണ്ടു കൊല്ലത്തിനകം മരിക്കുമോ, യാഥാർഥ്യമെന്ത്

കൊവിഡ് വാക്സിനെടുത്തവർ അടുത്ത 2 വർഷത്തിനകം തട്ടിപ്പോകുമെന്നൊരു വാർത്ത കൊവിഡിനേക്കാൾ വേഗത്തിൽ പരക്കുന്നുണ്ട്. ഫ്രഞ്ച് വൈറോളജിസ്റ്റായിരുന്ന ലുക്ക് മൊണ്ടേനിയർ അങ്ങനെ പറഞ്ഞതായിട്ടാണ് ആ സന്ദേശങ്ങളിലുള്ളത്.

വാക്സിൻ വിരുദ്ധർ പോലും ആദ്യകേൾവിയിൽ തള്ളിക്കളയാൻ സാധ്യതയുള്ള ആ സന്ദേശം, 'നോബൽ പ്രൈസ് നേടിയ' വൈറോളജിസ്റ്റ് എന്ന ക്രെഡിബിളിറ്റിയുടെ പേരിലാണ് കളം നിറയുന്നത്.

ശരിയാണ്, ലുക്ക് മൊണ്ടേനർ നോബൽ സമ്മാനം കിട്ടിയ ആളാണ്. AIDS ഉണ്ടാക്കുന്ന HIV-യെ കണ്ടെത്തിയ ടീമംഗമായിട്ടാണ് അദ്ദേഹം സമ്മാനം നേടിയത്. അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹത്തിന്റെ പൂർവ്വകാല പറച്ചിലുകൾ വച്ച് പറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. കൃത്യമായി അറിയില്ല.

കഴിഞ്ഞ വർഷം കൊവിഡ് വൈറസ് ലാബിൽ നിർമ്മിച്ചതാണെന്ന് ഒരു ഇൻ്റർവ്യൂവിൽ അദ്ദേഹം പറഞ്ഞതായി വാർത്തകളുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആ വിവാദപ്രസ്താവന, ഫ്രാൻസിലെ മറ്റു വൈറോളജിസ്റ്റുകൾ തന്നെ അപ്പൊഴേ തള്ളിക്കളയുകയും ചെയ്തു.

പിന്നെ, DNA യിൽ നിന്നും ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങൾ ഉണ്ടാകുന്നുവെന്നും ഇടയ്ക്ക് പറഞ്ഞു. മറ്റൊന്ന് പപ്പായ എയ്ഡ്സിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാം എന്നായിരുന്നു. ഇത്തരം അശാസ്ത്രീയ പ്രസ്താവനകൾ നടത്തി നേരത്തേ തന്നെ വിവാദനായകനായ ആളാണ് ലുക് മൊണ്ടേനിയർ, ഒരു സയൻസ് ഫിക്ഷൻ നോവലിസ്റ്റിനെ പോലെ. നമ്മുടെ നാട്ടിലെ ചില പ്രകൃതിചികിത്സാവാദികളെ പോലെ വാർത്താ പ്രാധാന്യം തന്നെയായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിന്റെയും ലക്ഷ്യം.

ശാസ്ത്രജ്ഞനായാലും അധ്യാപകനായാലും ഡോക്ടറായാലും മന്ത്രിയായാലും ആരു പറയുന്നു എന്നതിൽ ഒരുകാര്യവുമില്ല, എന്തു പറയുന്നു എന്നതാണ് പ്രധാനം, പ്രത്യേകിച്ച് ശാസ്ത്രസംബന്ധിയായ വിഷയങ്ങളിൽ. നൊബേൽ പ്രൈസ് കിട്ടിയ ശാസ്ത്രജ്ഞൻ പറഞ്ഞാലും മണ്ടത്തരം, മണ്ടത്തരം തന്നെ. പണ്ട്, വാക്സിനെടുത്താൽ വന്ധ്യതയുണ്ടാവുമെന്ന് പറഞ്ഞു നടന്നവരുടെ ചെറുമക്കളും അവരുടെ മക്കളുമൊക്കെയാണ് ഇന്നും വാക്സിനെതിരെ പുതിയ അസംബന്ധങ്ങൾ പടച്ചു വിടുന്നവരിലുണ്ടാവും എന്നതാണ് കോമഡി.

അതുകൊണ്ട് ഇപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത്, നിലവിൽ പ്രാധാന്യമുള്ളതും ആധികാരവുമായ വിവരങ്ങൾ ഷെയർ ചെയ്യുകയാണ്. വ്യാജ സന്ദേശങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പിന്നിൽ പല ഗൂഢലക്ഷ്യങ്ങളും ഉണ്ടാവാം. നമ്മളതിന് കൂട്ടുപിടിക്കേണ്ട കാര്യമില്ല.

നമ്മുടെ പ്രാഥമികലക്ഷ്യം നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും രോഗം വരാതെ നോക്കുന്നതിനാവണം. അതുകൊണ്ട് മനുഷ്യന് എന്തെങ്കിലും ഉപയോഗമുള്ള സന്ദേശങ്ങൾ മാത്രം ഷെയർ ചെയ്യാൻ ശ്രദ്ധിക്കുക.

(ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനം)

Latest News