ന്യൂദല്‍ഹി- കോണ്‍ഗ്രസിനെതിരെ ബിജെപി ഉന്നയിച്ച വ്യാജ ടൂള്‍കിറ്റ് ആരോപണവുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ ട്വിറ്റര്‍ ആസ്ഥാനത്ത് പോലീസ് റെയ്ഡ് നടത്തി. റെയ്ഡ് നടത്താനുള്ള നിയമപരമായ ഉത്തരവില്ലാതെയാണ് ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ ട്വിറ്റര്‍ ഓഫീസിലെത്തിയതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി ടൂള്‍കിറ്റ് എന്ന പേരില്‍ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുമാണ് കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഇറക്കി പ്രചരണം നടത്തുന്നതെന്ന് ബിജെപി വക്താവ് സാംപിത് പത്ര വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ഇതു തള്ളുകയും ചെയ്തിരുന്നു.
സാംപിത് പത്ര ട്വിറ്ററില്‍ പങ്കുവച്ച കോണ്‍ഗ്രസ് ടൂള്‍കിറ്റ് എന്ന പേരിലുള്ള രേഖ വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് റിപോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് തയാറാക്കിയ ഒരു രേഖ ഉപയോഗിച്ചാണ് കൃത്രിമത്വം ചെയ്ത് അതില്‍ വ്യാജ ഉള്ളടക്കം ചേര്‍ത്ത് അത് കോണ്‍ഗ്രസിന്റെ പേരില്‍ ആരോപിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗം തലവനും എടുത്തു പറഞ്ഞിരുന്നു.






