ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ മൂന്ന് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടം സ്വന്തമാക്കി. വിപണിയിലെ ടെക്‌നിക്കൽ പുൾബാക്ക് റാലിയിൽ പങ്ക് ചേരാൻ ആഭ്യന്തര വിദേശ ഫണ്ടുകളും പ്രദേശിക ഓപറേറ്റർമാരും അണിനിരന്നതോടെ ബി എസ് ഇ, എൻ എസ് ഇ സൂചികകൾ മൂന്ന് ശതമാനം ഉയർന്നു. ബാങ്കിംഗ് ഓഹരികളിലെ വാങ്ങൽ താൽപര്യം ബുൾ തരംഗത്തിന് വഴിതെളിയിച്ചു. ബോംബെ സെൻസെക്‌സ് 1807 പോയന്റും നിഫ്റ്റി 497 പോയന്റും കഴിഞ്ഞ വാരം ഉയർന്നു. നിഫ്റ്റി ബാങ്ക് 7.6 ശതമാനവും മിഡ്ക്യാപ് സൂചിക നാല് ശതമാനവും മികവിലാണ്.
വിൽപന സമ്മർദം സൃഷ്ടിച്ച് താഴ്ന്ന റേഞ്ചിലേയ്ക്ക് സൂചികയെ നീക്കാനാവുമെന്ന് കരടിക്കൂട്ടം കണക്കുകൂട്ടി. എന്നാൽ വിപണിക്ക് ഏറെ നിർണായകമായി മുൻവാരം വ്യക്തമാക്കിയ 50 ദിവസങ്ങളിലെ ശരാശരിയായ 14,700 പോയന്റിലെ സപ്പോർട്ട് ഓപണിങ് ദിനത്തിൽ തിരിച്ചു പിടിക്കാനായത് ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തി.
കോർപറേറ്റ് മേഖലയിൽ നിന്നുള്ള തിളക്കമാർന്ന ത്രൈമാസ ഫലങ്ങളും വിദേശ മാർക്കറ്റുകളിലെ ഉണർവും ഇന്ത്യൻ ഇൻഡക്‌സുകൾക്ക് ഊർജം പകർന്നു. വാങ്ങൽ താൽപര്യം കനത്തതോടെ നിഫ്റ്റി 15,000 പോയന്റിലെ പ്രതിരോധം തകർത്ത് 15,190 വരെ ഉയർന്നു. വ്യാപാരാന്ത്യം സൂചിക 15,120 പോയന്റിലാണ്. പിന്നിട്ട 51 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന ക്ലോസിങാണിത്.
ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 15,431 പോയന്റാണ് നിഫ്റ്റിയുടെ റെക്കോർഡെങ്കിലും ഇത് മറികടക്കും മുമ്പേ 15,336 ൽ ആദ്യ തടസ്സം നേരിടാം. വിപണി തിരുത്തലിന് ശ്രമിച്ചാൽ 14,870 ൽ താങ്ങുണ്ട്. പത്താഴ്ചയായി സൂചിക 14,200 15,190 റേഞ്ചിലാണ് നീങ്ങുന്നത്. മെയ് സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായുള്ള കവറിങ് വാരമധ്യത്തിന് മുമ്പേ പ്രതീക്ഷിക്കാം.
ബോംബെ സൂചിക 50,000 പോയന്റിന് മുകളിലെത്തിയത് നിക്ഷേപകർക്ക് ആവേശമായി. 48,732 പോയന്റിൽ നിന്ന് 48,990 ലേയ്ക്ക് കയറിയാണ് തിങ്കളാഴ്ച ഇടപാടുകൾ ആരംഭിച്ചത്. വാങ്ങൽ താൽപര്യം കനത്തതോടെ സെൻസെക്‌സ് 50,591 വരെ ഉയർന്നങ്കിലും മാർക്കറ്റ് ക്ലോസിങിൽ 50,540 പോയന്റിലാണ്. ഈ വാരം 49,445 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 51,113 ലേയ്ക്കും തുടർന്ന് 51,686 ലേയ്ക്കും ചുവടുവെക്കാം. സെൻസെക്‌സ് ജനുവരി മുതൽ ഇതു വരെയായി കയറിയത് 2789 പോയന്റാണ്.
എസ് ബി ഐ പുറത്തുവിട്ട ത്രൈമാസ റിപ്പോർട്ട് വിപണിക്ക് ആവേശം പകർന്നു. ത്രൈമാസ അറ്റാദായം 80 ശതമാനം വർധിച്ച് 6451 കോടി രൂപയിലെത്തിയത് ബാങ്കിങ് ഓഹരികളെ മൊത്തത്തിൽ സജീവമാക്കി. ഏതാണ്ട് നാല് ശതമാനം കുതിപ്പാണ് എസ് ബി ഐ സെൻസെക്‌സിന് വാരാന്ത്യം സമ്മാനിച്ചത്. എച്ച്ഡി എഫ്‌സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ബാങ്ക് തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു.
രൂപയുടെ മൂല്യം 73.23 ൽ നിന്ന് 72.81 ലേയ്ക്ക് മെച്ചപ്പെട്ടു. രൂപയ്ക്ക് 72.50 ൽ ആദ്യ താങ്ങുണ്ട്. കേന്ദ്ര ബാങ്ക് വ്യാഴാഴ്ച നടന്ന ലേലത്തിൽ 35,000 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയത് വിപണിയിൽ അനുകൂല തരംഗം സൃഷ്ടിച്ചു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ കഴിഞ്ഞ വാരം 1199 കോടി രൂപയുടെ നിക്ഷേപവും 2954 കോടി രൂപയുടെ വിൽപനയും നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 3047 കോടി നിക്ഷേപിച്ചു, 1729 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.
ഫണ്ടുകളിൽ നിന്നുള്ള വാങ്ങൽ താൽപര്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർത്തി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1844 ഡോളറിൽ നിന്ന് 1890 ഡോളറായി ഉയർന്ന ശേഷം 1880 ൽ ക്ലോസ് ചെയ്തു. സാങ്കേതികമായി വിപണി ബുള്ളിഷായ സാഹചര്യത്തിൽ മഞ്ഞലോഹം 1934 ഡോളർ ലക്ഷ്യമാക്കി നീങ്ങാം.