കുവൈത്ത് സിറ്റി - കുവൈത്തിൽ സ്വദേശികളുടെയും വിദേശികളുടെയും മയ്യിത്തുകൾ മറവു ചെയ്യുന്നതിന് കുവൈത്ത് നഗരസഭ ബാധകമാക്കിയ പുതിയ വ്യവസ്ഥ വിവാദമാകുന്നു. സ്വദേശികളുടെയും വിദേശികളുടെയും മയ്യിത്തുകൾ ഖബർസ്ഥാനിൽ വെവ്വേറെ സ്ഥലങ്ങളിൽ മറവു ചെയ്യണമെന്ന വ്യവസ്ഥയാണ് നഗരസഭ ബാധകമാക്കിയിരിക്കുന്നത്. ഖബർസ്ഥാനിലെ തിരക്ക് തടയാൻ ലക്ഷ്യമിട്ടാണ് സ്വദേശികളുടെയും വിദേശികളുടെയും മയ്യിത്തുകൾ മറവു ചെയ്യാൻ വെവ്വേറെ സ്ഥലം നഗരസഭ നീക്കിവെച്ചത്.
ഖബർസ്ഥാനിൽ മയ്യിത്ത് നമസ്‌കാരത്തിന് നീക്കിവെച്ച ഹാളിൽ മയ്യിത്ത് നമസ്‌കാരം നിർവഹിക്കുന്നത് നഗരസഭ വിലക്കിയിട്ടുമുണ്ട്. പകരം തണൽ വിരിച്ച കാർ പാർക്കിംഗുകൾക്കിടയിൽ തുറസ്സായ അന്തരീക്ഷത്തിൽ മയ്യിത്ത് നമസ്‌കാരത്തിന് ബദൽസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ഖബർസ്ഥാന്റെ പുറത്തെ മുറ്റത്ത് ഇരിപ്പിടങ്ങളും മരുഭൂ എ.സികളും സ്ഥാപിച്ചിട്ടുമുണ്ട്. തിരക്കില്ലാതാക്കാനും ഒരേ സമയം ഒത്തുചേരുന്ന ആളുകളുടെ എണ്ണം പരമാവധി കുറക്കാനും ശ്രമിച്ച് വ്യത്യസ്ത സമയങ്ങളിൽ മയ്യിത്ത് മറവു ചെയ്യുന്ന നിലക്ക് മയ്യിത്ത് മറവു ചെയ്യൽ പ്രക്രിയ സമയം നഗരസഭ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.