Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍   വിചിത്രം; വിഷയത്തില്‍ പിന്തുണയുമായി പൃഥ്വിരാജ്

കുറ്റിപ്പുറം- ലക്ഷദ്വീപില്‍ അടുത്തിടെയായി ഭരണകൂടം നടപ്പിലാക്കിയ പുതിയ നിയമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്. ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളില്‍ ദ്വീപ് നിവാസികള്‍ സന്തുഷ്ടരല്ലെന്നും ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം എങ്ങനെയാണ് സുസ്ഥിര പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം :

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് യാത്രപോകുന്നതാണ് ഈ കൊച്ചുദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ. നീല നിറമുള്ള ജലാശയവും, പൊയ്കകളും എന്നെ അതിശയിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചിയുടെ അനാര്‍ക്കലിയുടെ ഭാഗമായി ഞാന്‍ വീണ്ടും ഈ ദ്വീപിലെത്തി. കവരത്തിയില്‍ രണ്ട് മാസമാണ് ഞാന്‍ താമസിച്ചത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിനങ്ങളായിരുന്നു അത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൂസിഫറിന്റെ ചിത്രീകരണത്തിനായി ഞാന്‍ വീണ്ടും ലക്ഷ്ദ്വീപിലേക്ക് പോയി. സ്‌നേഹനിധികളായ ദ്വീപ് നിവാസികളുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപില്‍ നടക്കുന്ന സംഭവങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ നിരവധി പേര്‍ എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. പുതിയ ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളെ കുറിച്ച് ഞാന്‍ പരാമര്‍ശിക്കുന്നില്ല. പക്ഷേ എനിക്ക് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്. ദ്വീപ് നിവാസികളാരും തന്നെ ഇതില്‍ സന്തുഷ്ടരല്ല. ഒരു നാടിനും, അവിടുത്തെ ജനതയ്ക്കും വേണ്ടിയായിരിക്കണം നിയമസംവിധാനം. രാഷ്ട്രീയമോ, അതിര്‍ത്തികളോ, ഭൂപ്രകൃതിയോ ഒന്നുമല്ല, മറിച്ച് അവിടുത്തെ ജനതയാണ് ഒരു രാജ്യത്തെ, സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശത്തെ ആ പ്രദേശമാക്കുന്നത്. എങ്ങനെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപൂര്‍ണമായ അന്തരീക്ഷത്തെ പുരോഗതിക്കെന്ന പേരില്‍ പ്രക്ഷുബ്ധമാക്കുന്നത്? ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം എങ്ങനെയാണ് സുസ്ഥിര പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.അതുകൊണ്ട് ഭരണകൂടത്തോട് എനിക്കൊരു അപേക്ഷയേ ഉള്ളു. ജനങ്ങളുടെ ശബ്ദം കേള്‍ക്കുക. അവരുടെ മണ്ണിന് എന്താണ് നല്ലതെന്ന അവരുടെ അഭിപ്രായത്തെ വിശ്വസിക്കുക. ലോകത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ് അത്-അതിനേക്കാള്‍ സുന്ദരമാണ് അവിടുത്തെ ജനത
 

Latest News