Sorry, you need to enable JavaScript to visit this website.

ഹരിത ലിസ്റ്റിൽപെട്ട രാജ്യങ്ങളിൽ നിന്ന്  വരുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ ഇളവ്

ദോഹ- ഖത്തറിൽ ഹരിത ലിസ്റ്റിൽപെട്ട രാജ്യങ്ങളിൽ നിന്നു വരുന്നവർക്കും ഹരിത ലിസ്റ്റിൽപെടാത്ത രാജ്യങ്ങളിൽ നിന്നു വരുന്ന ചില വിഭാഗങ്ങൾക്കും ഹോട്ടൽ ക്വാറന്റൈൻ ഇളവ്. പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പെനിൻസുല ഓൺലൈൻ റിപ്പോർട്ട് ചെയ്തതാണിത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇത് ബാധകമല്ല. ഇവിടുന്ന് വരുന്നവർ ഡിസ്‌കവർ ഖത്തർ പ്രത്യേകമായി സജ്ജമാക്കിയ ഹോട്ടലുകളിൽ പത്ത് ദിവസത്തെ ക്വാറന്റൈനോ മെക്കെയ്നിസിൽ 14 ദിവസത്തെ ക്വാറന്റൈനോ പൂർത്തിയാക്കണം.

ഖത്തറിൽ നിന്നോ വിദേശത്തു നിന്നോ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ പൂർത്തീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് ക്വാറന്റൈനിൽ നിന്ന് ഇളവ് നൽകും. ഖത്തറിൽ നിന്നും കഴിഞ്ഞ 9 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരേയും ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കും. ഹരിത ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്ന വാക്സിനെടുക്കാത്തവർ 7 ദിവസം ഹോം ക്വാറന്റൈൻ പൂർത്തിയാക്കണം. ഇവർ ഒരു ഹോം ക്വാറന്റൈൻ അണ്ടർ ടേക്കിംഗിൽ ഒപ്പിടണം. ഗ്രീൻ ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾ, മാതാപിതാക്കൾക്കും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണെങ്കിൽ ഒറ്റയ്ക്കോ മാതാപിതാക്കളോടൊപ്പമോ മടങ്ങിയെത്തിയാൽ 7 ദിവസത്തെ ഹോം ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മതി. ഖത്തറിൽ നിന്ന് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് നിർദിഷ്ട 14 ദിവസം പൂർത്തിയാക്കാത്തവരും 7 ദിവസത്തെ ഹോം ക്വാറന്റൈൻ പൂർത്തിയാക്കുകയോ രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസത്തെ കാലാവധി പൂർത്തിയാകുന്നതു വരെയോ ഹോം ക്വാറന്റൈനിൽ കഴിയണം. 75 വയസും അതിൽ കൂടുതലുമുള്ളവരെ അതേ വീട്ടിൽ നിന്നുള്ള ഒരാളോടൊപ്പം ഹോം ക്വാറന്റൈൻ ചെയ്യണം.

ഗർഭിണികളായ സ്ത്രീകൾ വാക്സിനെടുത്ത ഭർത്താവുമായോ അതേ വീട്ടിൽ നിന്നുള്ള വാക്സിനെടുത്ത ബന്ധുവുമായോ തിരിച്ചു വരുമ്പോൾ ഹോം ക്വാറന്റൈൻ മതിയാകും. മുലയൂട്ടുന്ന അമ്മമാർക്കും 2 വയസും അതിൽ താഴെയുമുള്ള അവരുടെ കുഞ്ഞുങ്ങൾക്കും വാക്സിനെടുത്ത ഭർത്താവുമായോ അതേ വീട്ടിൽ നിന്നുള്ള വാക്സിനെടുത്ത ബന്ധുവുമായോ തിരിച്ചുവരുമ്പോൾ ഹോം ക്വാറന്റൈൻ മതിയാകും. രാജ്യത്തിന്റ ചെലവിൽ വിദേശത്ത് ചികിത്സക്ക് പോയ രോഗികൾക്കും ഒരു പരിചാരകനും ഹോം ക്വാറന്റൈൻ അനുവദിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പ് രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കുക. മുകളിൽ പറഞ്ഞ ഗ്രൂപ്പുകൾ ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കുമെന്ന കരാറിൽ ഒപ്പിടണം. 18 വയസ്സിന് താഴെയുള്ളവർഹോം ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന കരാറിൽ മാതാപിതാക്കളോ രക്ഷിതാവോ ആണ് ഒപ്പിടേണ്ടത്.

Latest News