അലോപ്പതിക്കെതിരായ മോശം പരാമര്‍ശം പിന്‍വലിക്കണമെന്ന് ബാബ രാംദേവിനോട് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- അലോപ്പതി ചികിത്സാ രീതിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ യോഗ പരീശീകന്‍ ബാബ രാംദേവ് പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു. അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ഈ ചികിത്സാരീതി അസംബന്ധമാണെന്നും രാംദേവ് പറയുന്ന ഒരു വിഡിയോ വൈറലായിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയഷേന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതിയും നല്‍കിയിരുന്നു. ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ ഉല്‍പ്പന്ന നിര്‍മാണ കമ്പനിയും ആയുര്‍വേദ മരുന്ന് നിര്‍മാണ കമ്പനിയുടേയും ഉടമ കൂടിയായ രാംദേവ് മോശമായ രീതിയിലാണ് അലോപതി ഡോക്ടര്‍മാരെ കുറിച്ച് വിഡിയോയില്‍ സംസാരിക്കുന്നത്. ഇതിനെതിരെ അലോപതി ഡോക്ടര്‍ കൂടിയായ കേന്ദ്ര ആരോഗ്യ മന്ത്രി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഐഎംഎ പരാതിനല്‍കിയിരുന്നു. അലോപ്പതിക്കെതിരായ താങ്കളുടെ പരാമര്‍ശങ്ങള്‍ രാജ്യത്തെ ജനങ്ങളെ വളരെ വേദനിപ്പിക്കുന്നതാണ്. കോവിഡ് മഹാമാരിക്കെതിരെ യുദ്ധകാലാടിസ്ഥാനത്തില്‍ പൊരുതുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളെ സംബന്ധിച്ചിടത്തോളം ദൈവങ്ങളെ പോലെയാണെന്നും രാംദേവിനെ മന്ത്രി ഉണര്‍ത്തി. 

വിവാദം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് ഐഎംഎ രാംദേവിന് വക്കീല്‍ നോട്ടീസയച്ചിരുന്നു. മഹാമാരിക്കാലത്ത് നിരവധി ജീവനുകളെ രക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന അലോപ്പതിയും മോഡേണ്‍ മെഡിസിനും പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.

ബാബ രാംദേവിനെതിരെ കേന്ദ്രം നടപടി എടുക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന

Latest News