ന്യൂദല്‍ഹി- കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ മോഡി സര്‍ക്കാരിന്റെ വീഴ്ചയും കടുത്ത വാക്‌സിന്‍ ക്ഷാമവും സര്‍ക്കാരിന് വലിയ തിരിച്ചടിയായതോടെ പൊതുരംഗത്തിറങ്ങാതെ മുങ്ങി നടക്കുന്ന ബിജെപി നേതാക്കള്‍ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്ര നേതൃത്വം. നേതാക്കളും പാര്‍ട്ടി അണികളും ജനങ്ങള്‍ ഏറെ പ്രയാസപ്പെടുന്ന ഈ ഘട്ടത്തില്‍ സേവനത്തിന് ഇറങ്ങണമെന്നും രംഗത്തിറങ്ങി പ്രവര്‍ത്തിക്കുന്നത് നേരിട്ട് കാണണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പറഞ്ഞു. മേയ് 30ന് മോഡി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പരിപാടികളെല്ലാം ഒഴിവാക്കണമെന്നും പകരം ബിജെപിക്ക് ഏഴു വര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറയണമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
മോഡി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിവിധ പദ്ധതികള്‍ അവതരിപ്പിക്കും. കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്കു വേണ്ടിയുള്ള ധനസഹായം അടക്കം വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ സുരക്ഷിത ഭാവിക്കു വേണ്ടിയുള്ള എല്ലാ പിന്തുണയും നല്‍കുകയാണ് ലക്ഷ്യമെന്നും നഡ്ഡ കത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകളും ആശുപത്രി കിടക്കകളും ഓക്‌സിജന്‍ വിതരണത്തിനും സൗകര്യമൊരുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി നേതാക്കള്‍ ആഹ്വാനം ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പാര്‍ട്ടിയുടെ 317 എംപിമാരുമായി ജെപി നഡ്ഡ കഴിഞ്ഞ നാലു ദിവസത്തിനിടെ സംസാരിച്ചു. കോവിഡ് അതിരൂക്ഷമായ ഘട്ടത്തില്‍ ബിജെപി നേതാക്കളെ എവിടെയും കാണാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.






