Sorry, you need to enable JavaScript to visit this website.

 കരിയറിന്റെ തുടക്കകാലത്തെ ദുരനുഭവം  തുറന്നു പറഞ്ഞ് ലേഡി ഗാഗ

ലോസ്ഏഞ്ചല്‍സ്- പത്തൊമ്പതാമത്തെ വയസില്‍, കരിയറിന്റെ തുടക്കകാലത്ത് ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭിണിയായതിന്റെ മാനസികാഘാതം വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ വിടാതെ പിന്തുടരുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗ.സംഗീതലോകത്തേത്ത് ചുവടുവച്ചുതുടങ്ങിയ സമയത്ത് ഒരു നിര്‍മാതാവാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ഗാഗ പറയുന്നു. ആപ്പിള്‍ ടിവി പ്ലസിന്റെ സിരീസ് ആയ 'ദി മി യു കാണ്ട് സീ'യിലാണ് ലേഡി ഗാഗയുടെ തുറന്നുപറച്ചില്‍. 'എനിക്കന്ന് 19 വയസായിരുന്നു. സംഗീത ലോകത്ത് പ്രവര്‍ത്തിച്ച് വരുന്ന സമയം. തുണി അഴിക്കാനാണ് ഒരു നിര്‍മാതാവ് എന്നോട് ആവശ്യപ്പെട്ടത്. പറ്റില്ലെന്നും പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോയി. അവരെന്നോട് പറഞ്ഞു എന്റെ സംഗീതം നശിപ്പിക്കുമെന്ന്, വീണ്ടും വീണ്ടും അവര്‍ ഇതെന്നോട് ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. ഞാന്‍ ആകെ മരവിച്ച അവസ്ഥയിലായിരുന്നു.. എനിക്ക് എനിക്കൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല.' കരച്ചിലോടെ ഗാഗ പറയുന്നു.
തന്നെ ബലാത്സംഗത്തിന് ഇരയാക്കിയ വ്യക്തിയുടെ പേര് മുപ്പത്തിയഞ്ചുകാരിയായ ഗാഗ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. ആ വ്യക്തിയെ ഒരിക്കല്‍ കൂടി കാണാന്‍ പോലും താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അതിനാല്‍ തന്നെ ആ പേര് താന്‍ ഇനിയും സമൂഹത്തിന് മുന്നില്‍ നിന്നും മറച്ചുവെക്കുമെന്നും ഗാഗ പറഞ്ഞു.ഗര്‍ഭിണിയായ തന്നെ ആ നിര്‍മാതാവ് തന്റെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് പോയി, മാസങ്ങളോളം താന്‍ സ്റ്റുഡിയോയില്‍ അടച്ചിരുന്നു. ഈ സംഭവമുണ്ടായി വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മാനസികമായി തകര്‍ന്നുപോകുന്ന അവസ്ഥയിലേക്ക് താന്‍ എത്തിയതെന്ന് ഗാഗ പറയുന്നു.
ആശുപത്രിയില്‍ തന്നെ എത്തിച്ചുവെന്നും അവിടെ നിന്നാണ് തനിക്ക് പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ആണെന്ന് തിരിച്ചറിയുന്നതെന്നും ഗാഗ പറയുന്നു. തന്റെ മാനസിക നില തകര്‍ന്നുവെന്നും വര്‍ഷങ്ങളോളം താന്‍ പഴയ ആ പെണ്‍കുട്ടിയായിരുന്നില്ലെന്നും ഗാഗ വ്യക്തമാക്കി.
നിങ്ങള്‍ പോകുന്നിടത്തെല്ലാം ഒരു കറുത്ത മേഘം നിങ്ങളെ പിന്തുടരുകയും ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലാത്തവളാണ് നീയെന്ന് ഓര്‍മിപ്പിക്കുകയും മരിക്കുകയാണ് നല്ലതെന്ന് പറയുകയും ചെയ്യുന്ന അവസ്ഥയെന്നാണ് തന്റെ അക്കാലത്തെ മാനസികാവസ്ഥയെക്കുറിച്ച് ഗാഗ പറയുന്നത്. ആ മാനസികനിലയില്‍ നിന്നും രക്ഷതേടാന്‍ രണ്ടര വര്‍ഷത്തോളം തെറാപ്പി ചെയ്യേണ്ടി വന്നെന്നും അവിചാരിതമായി മനസിലേക്ക് വീണ്ടുമെത്തുന്ന ഓര്‍മ്മയുടെ നടുക്കത്തില്‍ പിന്നീടും പെട്ടുപോയിട്ടുണ്ടെന്നും ഗാഗയുടെ വാക്കുകള്‍.
സഹാനുഭൂതി പിടിച്ചുപറ്റാനല്ല ഈ തുറന്നുപറച്ചിലെന്നും മറ്റുള്ളവരില്‍ സഹാനുഭൂതിയുണ്ടാക്കാന്‍ ആണെന്നും ഗാഗ പറയുന്നു. മറ്റാരോടെങ്കിലും നിങ്ങളുടെ ഹൃദയം തുറക്കൂ, കാരണം ഞാന്‍ നിങ്ങളോട് പറയുന്നു, ഞാനിതിലൂടെ കടന്ന് പോയതാണ്-ആളുകള്‍ക്ക് സഹായം ആവശ്യമാണ്.. ഗാഗ വ്യക്തമാക്കുന്നു

Latest News