മനാമ - ഭീകരാക്രമണങ്ങള്‍ നടത്തിയ കേസില്‍ ആറു പേര്‍ക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചു. ഭീകര സംഘം സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയും പ്രതിരോധ സുരക്ഷാ സേനാ കമാണ്ടര്‍ ജനറലിനെ വധിക്കുന്നതിന് ശ്രമിക്കുകയും മറ്റു ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്ത കേസില്‍ ആകെ പതിനെട്ടു പേരാണ് വിചാരണ നേരിട്ടത്. ഇതില്‍ പത്തു പേര്‍ വിചാരണക്കിടെ കോടതിയില്‍ ഹാജരായി. എട്ടു പേരെ അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചിട്ടില്ല. ഇവരില്‍ ചിലര്‍ ഇറാനിലേക്കും ഇറാഖിലേക്കും രക്ഷപ്പെട്ടിട്ടുണ്ട്. സംഘത്തില്‍ ഏഴു പേര്‍ക്ക് കോടതി ഏഴു വര്‍ഷം വീതം തടവാണ് വിധിച്ചത്. ഇവരുടെ ബഹ്‌റൈന്‍ പൗരത്വം റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു. അവശേഷിക്കുന്നവരെ കോടതി കുറ്റവിമുക്തരാക്കി. വിധിക്കെതിരെ മേല്‍കോടതിയില്‍ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.






