കോടാലി ശ്രീധരനെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്ക് ജാമ്യമില്ല

തൃശൂര്‍- കുഴല്‍പ്പണ കടത്തുകാരെ കൊള്ളയടിക്കുന്നതില്‍ കുപ്രസിദ്ധനായ പ്രതി കോടാലി ശ്രീധരനെയും മകനെയും തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മോചനദ്രവ്യമായി ശ്രീധരന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കള്‍ എഴുതി വാങ്ങിയ കേസിലെ പ്രതികളായ മലപ്പുറം വള്ളുവമ്പ്രം തച്ചങ്ങല്‍ റഹീസ് (31), മലപ്പുറം എളങ്കൂര്‍ ചീരന്തൊടിക അബ്ദുള്‍ സമദ് (31), എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഡി.അജിത് കുമാര്‍ തള്ളിയത്.
2020 മെയ് 25ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മയെ കാണാന്‍ എറണാകുളത്തുനിന്നു വരുന്ന വഴിയാണ് കോടാലി ശ്രീധരന്റെ മകന്‍ അരുണിനെ വാഹനം തടഞ്ഞു നിര്‍ത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. അതേ ദിവസം തന്നെ ശ്രീധരനേയും തട്ടിക്കൊണ്ടുപോയിരുന്നു.
അരുണിന്റെ അമ്മയെ വാട്‌സാപ്പ് കോള്‍ വഴി വിളിച്ചാണ് പ്രതികള്‍ മോചനദ്രവ്യമായി എരുമപ്പെട്ടിയിലെയും കോതമംഗലത്തേയും സ്ഥലങ്ങള്‍ തീറെഴുതി തരാന്‍ ആവശ്യപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന് കോടാലി ശ്രീധരന്റെ ഭാര്യ സ്ഥലം തീറെഴുതി നല്‍കുകയും ചെയ്തു.
പ്രതികള്‍ നടത്തിയ കുഴല്‍പ്പണമിടപാട് ശ്രീധരന്‍ ഒറ്റിക്കൊടുത്തതു മൂലംപോലീസ് പിടികൂടിയതിനെ തുടര്‍ന്ന് 3കോടി 90 ലക്ഷം രൂപ നഷ്ടം വന്നതിലെ വൈരാഗ്യത്തെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലുമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. തട്ടിക്കൊണ്ടുപോയ അരുണിന്റെ കൈവശമുണ്ടായിരുന്ന 27 പവന്‍ സ്വര്‍ണവും തുകയും പ്രതികള്‍ തട്ടിയെടുത്തിരുന്നുവെന്നും പരാതിയുണ്ട്. ശ്രീധരന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയതുപ്രകാരം മണ്ണുത്തി പോലീസ് കേസെടുത്തു.
2021 ഏപ്രില്‍ 17ന് പ്രതികളെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികള്‍ തൃശൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
കുഴല്‍പ്പണം കടത്തുന്ന സംഘത്തിലെ ആളുകളെ കൊള്ളയടിക്കുന്ന നിരവധി കേസുകളിലെ പ്രതിയായ കോടാലി ശ്രീധരനെയും മകനെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികള്‍ വലിയ കുറ്റവാളികളാണെന്നും സമാനമായ നിരവധി കേസുകളിലെ പ്രതികളാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി.ബാബു ചൂണ്ടിക്കാട്ടി.
കേസ് ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചു വരികയാണെന്നും അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനിടയാകുമെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

 

 

Latest News