യുണിവേഴ്‌സിറ്റി പാഠപുസ്തകത്തില്‍ മുസ്ലിം വിദ്വേഷം; തമിഴ്‌നാട് സര്‍ക്കാര്‍ നടപടി തുടങ്ങി

ചെന്നൈ- തമിഴ്‌നാട് ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് പാഠ പുസ്തകത്തില്‍ മുസ്ലിം വിദ്വേഷവും ഇസ്ലാംഭീതിയും പ്രചരപ്പിക്കുന്ന പാഠ ഭാഗങ്ങള്‍ ഉള്‍പ്പെട്ടതു സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. സര്‍വകലാശാല വി.സി, പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവി, പുസ്തക രചയിതാവ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വിവാദ പാഠ പുസ്തകം ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലേയും പാഠപുസ്തകങ്ങളും പുനപ്പരിശോധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി അറിയിച്ചു. 

വിവാദ പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ മന്ത്രി വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. 'ഇന്ത്യയിലെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രത്യേകിച്ച് മതവിരുദ്ധരായ ഡിഎംകെ, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടങ്ങിയവര്‍ അവരെ (മുസ്ലിംകളെ) വോട്ടുബാങ്കുകളാക്കിയിരിക്കുകയാണ്. അവരെ ദേശീയതയുമായി ഇഴകിച്ചേരുന്നതില്‍ നിന്നും ഈ പാര്‍ട്ടികള്‍ തടയുന്നു. അവര്‍ അന്ധമായി ന്യൂനപക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലിംകള്‍ കലാപങ്ങളും സംഘര്‍ഷങ്ങളു ഉണ്ടാക്കുമ്പോള്‍ ഈ പാര്‍ട്ടികള്‍ അപലപിക്കാറുമില്ല.'  ഇതാണ് പുസ്തകത്തിലെ വിവാദമായ ഒരു ഭാഗം. പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഇതാണോ പഠിപ്പിക്കേണ്ടതെന്ന് മന്ത്രി ചോദിച്ചു. 

ഇതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ വിസിക്കും പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവിക്കും പുസ്തകം എഴുതിയ ആള്‍ക്കും ഒരു മറുപടിയും നല്‍കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. ഇതില്‍ പങ്കുള്ള എല്ലാവര്‍ക്കുമെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പൊന്മുടി പറഞ്ഞു. പാഠപുസ്തകങ്ങള്‍ പുനപ്പരിശോധിക്കുന്നതിന് പുതിയ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതും 2002ല്‍ ഗുജറാത്തിലെ കലാപം എന്നീ സംഭവങ്ങളുമായി ബന്ധപ്പെട്ടും ഇതേ പാഠപുസ്തകത്തില്‍ മുസ്ലിം വിദ്വേഷ, ഇസ്ലാംഭീതിപരമായ പരാമര്‍ശങ്ങളുണ്ടെന്നും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഉള്ളടക്കങ്ങള്‍ ആവശ്യമായിടത്തെല്ലാം തിരുത്തുമെന്നും മന്ത്രി അറിയിച്ചു.

Latest News