സിലിഗുരി- നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണ പൈപ്പില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ആശങ്കയിലായ രോഗികളും കൂടെ ഉണ്ടായിരുന്ന ബന്ധുക്കളും പുറത്തേക്ക് ഇറങ്ങിയോടി. വെള്ളിയാഴ്ച രാവിലെ 9.15നാണ് സംഭവം. ആശുപത്രിയിലെ കോവിഡ് ബ്ലോക്കിലെ തീവ്രപരിചര വിഭാഗത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന പൈപ്പിലാണ് ചോര്‍ച്ച ഉണ്ടായതെന്ന് ആശുപത്രി സുപ്രണ്ട് ഡോ. സജ്ഞയ് മല്ലിക് പറഞ്ഞു.
ചോര്‍ച്ചയുണ്ടായ മുറിയില്‍ ഓക്‌സിജന്‍ പുകപോലെ നിറഞ്ഞതോടെ രോഗികള്‍ ഭയപ്പെടുകയായിരുന്നു. രോഗികളും കുട്ടിരിപ്പുകാരും ബഹളമുണ്ടാക്കിയതോടെ വലിയ കോലാഹലമുണ്ടായി. തീപ്പിടിത്തം ഉണ്ടായെന്ന് ഭയപ്പെട്ടാണ് ഇവര്‍ ഇറങ്ങിയോടിയത്. ഇവര്‍ ആശുപത്രി ബ്ലോക്കിന് പുറത്തിറങ്ങി നിന്നു. ഇതിനിടെ വിവരമറിഞ്ഞ് രണ്ട് ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി. വൈകാതെ ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിച്ചെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവ സമയത്ത് തീവ്രപരിചരണ വിഭാഗത്തില്‍ ഏഴ് കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഇല്ല.






