Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിവാഹത്തിലും വിനോദ പരിപാടികളിലും പങ്കെടുക്കാൻ  വാക്‌സിൻ സ്വീകരിക്കണം -ദുബായ് 

ദുബായ് - വിവാഹങ്ങളിലും വിനോദ പരിപാടികളിലും പങ്കെടുക്കാനുള്ള അനുമതി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമാണെന്ന് ദുബായ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ദുബായിൽ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഇനിയൊരു വ്യാപനം ഇല്ലാതിരിക്കാൻ മുൻകരുതൽ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇളവുകൾ അനുവദിച്ചതോടെ എല്ലാ പരിപാടികളിലും ആൾക്കൂട്ടം നിയന്ത്രണങ്ങളില്ലാതെ പങ്കെടുക്കുമെന്ന റിപ്പോർട്ടാണ് നിയമം കർശനമാക്കാനുള്ള കാരണം. ഒരു വാക്‌സിൻ ഡോസ് മാത്രം സ്വീകരിച്ചവർ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതു വരെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിനായി കാത്തിരിക്കണം. കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഉറപ്പാക്കിയവർക്ക് മാത്രമേ ഇങ്ങനെയുള്ള പരിപാടികളിൽ പങ്കെടുക്കാനാവൂ എന്ന് ദുബായ് മീഡിയ ഓഫീസും അറിയിച്ചു. 


വാക്‌സിൻ രണ്ടാമത് ഡോസ് സ്വീകരിക്കാത്തവർ രണ്ടാഴ്ച കാത്തുനിന്ന് വാക്‌സിൻ സ്വീകരിച്ച ശേഷമേ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികളിൽ പങ്കെടുക്കാവൂ. ഇത്തരം പരിപാടികൾ നടത്തുന്ന സംഘാടകരും സന്ദർശകരെ സ്വീകരിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് നിയമങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള പട്രോളിംഗ് പഴയതു പോലെ തുടരും. ഇത്തരം പരിശോധനകളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പരിപാടിയുടെ സംഘാടകരും പങ്കെടുത്തവരും പിഴ ഉൾപ്പെടെ നിയമ നടപടി നേരിടേണ്ടി വരും. വിവാഹത്തിനും വിനോദ പരിപാടികൾക്കും പങ്കെടുക്കുന്നവർ പ്രവേശന കവാടത്തിൽ തന്നെ വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷണാർത്ഥത്തിൽ ഒരു മാസത്തേക്ക് മാത്രമാണ് ഇപ്പോൾ ദുബായിൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. നിയമപ്രകാരമാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന് പരിശോധിക്കാൻ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ചതായും നിയമലംഘനങ്ങൾ ഉടനെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കുമെന്നും ദുബായ് കോവിഡ് കമാന്റ് സെന്റർ മേധാവി ഡോ. ഹനാൻ അൽസുവൈദി പറഞ്ഞു. 

 

Latest News