സൗമ്യയുടെ ബന്ധുക്കളെ ഇസ്രായില്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ചു

ജറൂസലം- ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ കുടുംബവുമായി ഇസ്രായില്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്‍ ഫോണില്‍ സംസാരിച്ചു.
മെയ് 11 നാണ് ഇടുക്കി സ്വദേശിനിയായ സൗമ്യ സന്തോഷ് (30) തെക്കന്‍ ഇസ്രായിലിലെ  തീരദേശ നഗരമായ അഷ്‌കെലോണിലെ ഒരു വീട്ടില്‍ കൊല്ലപ്പെട്ടത്. യുവതിയുടെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച് അനുശോചനം അറിയിച്ചുവെന്ന് മാത്രമാണ് ഇസ്രായില്‍ അധികൃതര്‍ അറിയിച്ചത്.
ഏഴു വര്‍ഷമായി ഇസ്രായിലില്‍ വൃദ്ധയെ പരിപാലിച്ചുപോന്ന സൗമ്യയുടെ ഭര്‍ത്താവും ഒമ്പത് വയസ്സായ മകനും നാട്ടിലായിരുന്നു.
ഗാസയില്‍നിന്ന് തൊടുത്ത റോക്കറ്റ് സൗമ്യ ജോലി ചെയ്തിരുന്ന വീട്ടില്‍ പതിക്കുകയായിരുന്നു. രക്ഷപ്പെട്ട 80 വയസ്സായ സ്ത്രീ ആശുപത്രിയിലാണ്.  
വീടിനു സമീപം റോക്കറ്റ് ഷെല്‍ട്ടര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് റോക്കറ്റാക്രമണ സമയത്ത് അവിടേക്ക് മാറാന്‍ കഴിഞ്ഞിരുന്നില്ല.
സൗമ്യയുടെ മൃതദേഹം മെയ് 15-ന് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു.

 

Latest News