ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നതിനൊപ്പം കോവിഡ് ടെസ്റ്റുകള്‍ കുത്തനെ കുറയുന്നതും വാക്‌സിനേഷന്‍ കാര്യമായി നടക്കാത്തതും ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യ വിദ്ഗധര്‍. ഇങ്ങനെ പോയാല്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നും അത് കുട്ടികളെ ആയിരിക്കും ബാധിക്കുകയെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് ടെസ്റ്റുകള്‍ ഗണ്യമായി കുറഞ്ഞതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. കോവിഡ് വ്യാപനം ഉയര്‍ന്ന തോതിലാകുമ്പോള്‍ ടെസ്റ്റുകളും ആനുപാതികമായി വര്‍ധിപ്പിക്കണമെന്നാണ് ആഗോള വിദഗ്ധരുടെ നിര്‍ദേശം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ ശേഷിക്കും വളരെ താഴെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതിദിനം 33 ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്താനുള്ള ശേഷി രാജ്യത്തുണ്ട്. എന്നാല്‍ ദിനംപ്രതി ശരാശരി 18 ലക്ഷം ടെസ്റ്റുകളെ നടക്കുന്നുള്ളൂ. ഏപ്രില്‍ ഒന്നിന് ഇത് 10 ലക്ഷമായിരുന്നു. അതായത് രാജ്യത്തിന്റെ ടെസ്റ്റ് ശേഷിയുടെ 45 ശതമാനവും ഉപയോഗപ്പെടുത്താതെ കിടക്കുന്നു. രോഗ വ്യാപന തോതുമായി തട്ടിച്ചു നോക്കുമ്പോള്‍ തുലോം കുറവ് ടെസ്റ്റുകള്‍ മാത്രമെ നടക്കുന്നുള്ളൂ. ടെസ്റ്റുകളുടെ കുറവ് കാരണം വളരെയധികം കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്ന ആക്ഷേപവും ഉണ്ട്. രാജ്യത്തെ മൊത്തം മരണങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ ഈ കണക്കുകളിലേക്ക് ശ്രദ്ധക്ഷണിക്കുന്നുണ്ട്.
വാക്‌സിനേഷന്റെ എണ്ണത്തിലും ഒരു മാസത്തിനിടെ ഞെട്ടിക്കുന്ന കുറവാണ് റിപോര്‍ട്ട് ചെയ്തത്. നാലാഴ്ചയ്ക്കിടെ 32.7 ലക്ഷത്തില്‍ നിന്ന് വെറും 6.9 ലക്ഷത്തിലേക്ക് താഴ്ന്നിരിക്കുന്നു. നിലവിലെ പ്രതിദിനം 18 ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന രീതി തുടരുകയാണെങ്കില്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80 ശതമാനത്തിനു കുത്തിവെപ്പ് നല്‍കണമെങ്കില്‍ മൂന്ന് വര്‍ഷത്തിലേറെ സമയമെടുക്കും. സാമൂഹിക രോഗ പ്രതിരോധശേഷി കൈവരിക്കാന്‍ ജനസംഖ്യയുടെ 80 ശതമാനത്തിനു വാക്‌സിന്‍ ലഭിച്ചിരിക്കണം എന്നാണ് കണക്കാക്കപ്പെടുന്നത്. 111 കോടി ജനങ്ങള്‍ക്ക് ഡിസംബര്‍ 31ന് മുമ്പായി വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതു സാധ്യമാകണമെങ്കില്‍ ദിവസവും 89.5 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കണം.
എന്നാല്‍ പലസംസ്ഥാനങ്ങളിലും കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. മഹാരാഷ്ട്രയിലടക്കം പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. ദല്‍ഹിയും ഈ നിലയിലേക്കാണ് പോകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ രണ്ടു കമ്പനികള്‍ മാത്രമാണ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവര്‍ കൂടുതല്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ജൂലൈയിലെ ഓഗസ്റ്റിലോ മാത്രമെ വാക്‌സിന്‍ ലഭ്യത വര്‍ധിക്കൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സൂചന നല്‍കുന്നു. ജൂലൈ അവസാനത്തോടെ 51.6 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ മാത്രമാണ് പുതുതായി ഇന്ത്യയില്‍ വിതരണം ആരംഭിച്ചത്. യുഎസ് കമ്പനികളായ ഫൈസര്‍, ജെ ആന്റ് ജെ വാക്‌സിനുകള്‍ ഉടന്‍ ലഭ്യമായേക്കില്ല.






