ജിദ്ദ - സ്വദേശികള്‍ക്കുള്ള യാത്രാ വിലക്ക് എടുത്തുകളയുകയും എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും പഴയപടി വീണ്ടും തുറക്കുകയും ചെയ്ത തിങ്കളാഴ്ച ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി 58,706 പേര്‍ യാത്ര ചെയ്തതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഉസാം ഫുവാദ് നൂര്‍ അറിയിച്ചു.
തിങ്കളാഴ്ച ജിദ്ദ എയര്‍പോര്‍ട്ടില്‍ 340 സര്‍വീസുകളാണ് നടന്നത്. തിങ്കളാഴ്ച 91 അന്താരാഷ്ട്ര സര്‍വീസുകളില്‍ 8,769 പേര്‍ സൗദി വിട്ടു. ബന്ധപ്പെട്ട വകുപ്പുകള്‍ തവക്കല്‍നാ ആപ്പ് അടക്കം മുഴുവന്‍ നടപടികളും വ്യവസ്ഥകളും പാലിക്കുകയും യാത്രക്കാരുടെ രേഖകളുടെ സത്യാവസ്ഥ ഉറപ്പുവരുത്തുകയും ചെയ്തു.
എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍, സുരക്ഷാ വകുപ്പുകള്‍, സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകള്‍ എന്നിവ അടക്കം മുഴുവന്‍ വകുപ്പുകളും ഏജന്‍സികളും യാത്രക്കാരുടെ സേവനത്തിന് സുസജ്ജമായിരുന്നു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശാനുസരണം ഏതാനും വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ കൂടി നോര്‍ത്ത് ടെര്‍മിനലില്‍ നിന്ന് ഒന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് വൈകാതെ മാറ്റുമെന്നും ഉസാം ഫുവാദ് നൂര്‍ പറഞ്ഞു.
സൗദി, ജോര്‍ദാന്‍ അതിര്‍ത്തിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റ് വഴി 654 വാഹനങ്ങള്‍ തിങ്കളാഴ്ച കടന്നുപോയി. ഇതില്‍ 530 വാഹനങ്ങള്‍ സൗദിയില്‍ നിന്ന് ജോര്‍ദാനിലേക്കും 124 വാഹനങ്ങള്‍ ജോര്‍ദാനില്‍ നിന്ന് സൗദിയിലേക്കുമാണ് പ്രവേശിച്ചത്. ബന്ധപ്പെട്ട വകുപ്പുകളെല്ലാം സഹകരണത്തോടെയും സംയോജനത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നതും യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമെന്ന് അല്‍ഹദീസ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറസാഖ് അല്‍സഹ്‌റാനി പറഞ്ഞു.