കുവൈത്ത് സിറ്റി - ഏഷ്യന്‍ വംശജനായ തൊഴിലാളിയുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹൂലി പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍അലിയുടെ നിര്‍ദേശാനുസരണം ഏറ്റവും വേഗത്തില്‍ സൈനിക വിചാരണക്ക് വിധേയനാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
അല്‍സാല്‍മിയയില്‍ ഷോപ്പിംഗ് മാളില്‍ വെച്ച് മെഡിക്കല്‍ ജീവനക്കാര്‍ വിദേശ തൊഴിലാളികള്‍ക്ക് കൊറോണ വാക്‌സിന്‍ നല്‍കുന്നതിനിടെയാണ് പോലീസുകാരന്‍ തൊഴിലാളിയുടെ മുഖത്തടിച്ചത്. ഷോപ്പിംഗ് മാളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത് അറിഞ്ഞ് ഷോപ്പിംഗ് മാളിനു മുന്നില്‍ നിരവധി വിദേശികള്‍ തടിച്ചുകൂടുകയും ഇവര്‍ തിക്കുംതിരക്കുമുണ്ടാക്കുകയും കൂട്ടത്തില്‍ ചിലര്‍ മാളില്‍ പ്രവേശിക്കുകയും ചെയ്തു. ഇതോടെ മാള്‍ അധികൃതര്‍ സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു.
വാക്‌സിന്‍ സ്വീകരിക്കാന്‍ വരിനില്‍ക്കുകയായിരുന്ന വിദേശികളുടെ ക്യൂ പോലീസുകാര്‍ ക്രമീകരിക്കുന്നതിനിടെയാണ് കൂട്ടത്തില്‍ ഒരാള്‍ ഏഷ്യന്‍ വംശജന്റെ മുഖത്തടിച്ചത്. പിറകിലേക്ക് മാറാന്‍ ആവശ്യപ്പെട്ട് ഈ പോലീസുകാരന്‍ തൊഴിലാളികളെ ശക്തിയില്‍ പിടിച്ചുതള്ളുകയും കൂട്ടത്തില്‍ ഒരാളെ നെഞ്ചില്‍ പിടിച്ച് തള്ളുന്നതിനിടെ കരണത്തടിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ഇത് വൈറലാവുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുകയും വിവാദമാവുകയും ആഭ്യന്തര മന്ത്രാലയത്തെ നടപടിക്ക് പ്രേരിപ്പിക്കുകയും ചെയ്തത്.