ന്യൂദല്‍ഹി- രക്ഷിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 25 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ഇവര്‍ക്ക് പ്രതിമാസം 2500 രൂപ ധനസഹായമായി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ദുരിതവും ദാരിദ്ര്യവും അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ദല്‍ഹി സര്‍ക്കാര്‍ ഇതോടൊപ്പം വിവിധ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചു.
ദരിദ്ര കുടുംബങ്ങളിലെ 72 ലക്ഷം പേര്‍ക്ക് ഈ മാസം 10 കിലോ അരി സൗജന്യമായി വിതരണം ചെയ്യും. ഈ പദ്ധതി പ്രകാരം പകുതി അരി ദല്‍ഹി സര്‍ക്കാരും പകുതി കേന്ദ്ര സര്‍ക്കാരുമാണ് നല്‍കുന്നത്. ഈ റേഷന്‍ ലഭിക്കാന്‍ പ്രത്യേക രേഖകള്‍ ആവശ്യമില്ലെന്നും സൗജന്യ റേഷന്‍ ആവശ്യമാണെന്ന് അറിയിക്കുന്നവര്‍ക്കെല്ലാം ഇതുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നുള്ള മാസങ്ങളില്‍ സൗജന്യ നിരക്കില്‍ അഞ്ചു കിലോ വീതം അരിയും ഇവര്‍ക്കു ലഭിക്കും.
ഇതിനു പുറമെ, കോവിഡ് ബാധിച്ച് മരിച്ച കുടുംബത്തിലെ ഏക വരുമാന സ്രോതസ്സായിരുന്നവരുടെ ആശ്രിതര്‍ക്കും പ്രതിമാസം 2500 രൂപ വിതരണം ചെയ്യും. ഇവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച ഒറ്റത്തവണ ധനസഹായമായ 50000 രൂപയും നല്‍കും.