ഫോണ്‍വിളി കേന്ദ്രീകരിച്ച് അന്വേഷണം; ഉണ്ണി പി രാജിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം- ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായി ഉണ്ണി പി രാജിനെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ഉണ്ണി പി രാജിനെതിരായ ദൃശ്യങ്ങളും ഫോണ്‍വിളി രേഖകളും പുറത്തുവന്നിട്ടുണ്ട്.
വെമ്പായത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയത്. ഉണ്ണിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് അങ്കമാലിയിലെ ഭര്‍തൃ വീട്ടില്‍നിന്ന് വെമ്പായത്തെ തന്റെ വീട്ടിലെത്തിയതിന്റെ പിറ്റേ ദിവസമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് കാണിച്ച് മരിക്കുന്നതിന് തലേദിവസം  യുവതി പോലീസില്‍  പരാതി നല്‍കിയിരുന്നു.

യുവതിയുടെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. സ്വത്തും പണവും ആവശ്യപ്പെട്ട് ഉണ്ണി നിരന്തരം മകളെ ഉപദ്രവിച്ചിരുന്നെന്ന് പ്രിയങ്കയുടെ മാതാവ് ആരോപിച്ചു. മരിക്കുന്നതിന് മുന്‍പ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഭര്‍തൃവീട്ടില്‍ ഏപ്രില്‍ ഒന്‍പതിന് രാത്രി മുഴുവന്‍ പ്രിയങ്കയെ ഭര്‍ത്താവും കുടുംബവും മുറ്റത്ത് നിര്‍ത്തിയിരുന്നു. ഭര്‍ത്താവ് പ്രിയങ്കയെ ഈ സമയത്ത് തെറിവിളിക്കുന്നത് വിഡിയോയില്‍ കേള്‍ക്കാം.
ഏപ്രില്‍ പത്തിനാണ് പ്രിയങ്കയെ സഹോദരനെത്തി വീട്ടിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഡോക്ടറെ കാണിച്ചിരുന്നു. പോലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്. അമ്മയോട് സംസാരിച്ചിരുന്ന പ്രിയങ്ക ഒരു ഫോണ്‍ വന്നതോടെയാണ് മുറിക്കുള്ളിലേക്ക് പോയത്. പിന്നെ കണ്ടത് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ്. ആ ഫോണ്‍വിളി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പ്രിയങ്കയെ വെമ്പായത്തെ വീട്ടില്‍വച്ചും ഉണ്ണി മര്‍ദിച്ചിട്ടുണ്ടെന്ന് മാതാവ് പറയുന്നു. സ്ത്രീധന നിരോധന നിയമപ്രകാരവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ഉള്‍പ്പടെ കേസെടുക്കാനാണ് പോലീസിന്റെ നീക്കം.

 

Latest News