Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിനോദ സഞ്ചാരികൾക്ക് നികുതിയിളവ്

റിയാദ് - വിനോദ സഞ്ചാരികൾക്ക് മൂല്യവർധിത നികുതിയിൽ നിന്ന് സംരക്ഷണം നൽകുമെന്ന് സക്കാത്ത്, നികുതി അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. വാറ്റ് അടച്ച് ഇവർ വാങ്ങുന്ന ഉൽപന്നങ്ങൾക്ക് ടാക്‌സ് ഫ്രീ നിയമം നടപ്പാക്കും. വിദേശ ടൂറിസ്റ്റുകൾക്ക് മൂല്യവർധിത നികുതി തിരിച്ചു നൽകുന്നതിന് നടപ്പാക്കേണ്ട സംവിധാനം നിർണയിക്കുന്നതിനും പദ്ധതി നടപ്പാക്കുന്ന തീയതി നിശ്ചയിക്കുന്നതിനും സക്കാത്ത്, നികുതി അതോറിറ്റി പഠനം നടത്തിവരികയാണ്. ജനുവരി ഒന്നു മുതൽ സൗദിയിൽ അഞ്ചു ശതമാനം മൂല്യവർധിത നികുതി നടപ്പാക്കും. ഇത് നിലവിൽ വന്ന ശേഷം വിദേശ ടൂറിസ്റ്റുകൾക്ക് വാറ്റ് തുക തിരികെ നൽകുന്ന സംവിധാനം നടപ്പാക്കും. വാങ്ങിയ ഉൽപന്നങ്ങൾക്ക് മൂല്യവർധിത നികുതി അടക്കുന്ന പക്ഷം നികുതി തുക ടൂറിസ്റ്റുകൾക്ക് തിരിച്ചുനൽകുന്നതിന് മൂല്യവർധിത നികുതി നിയമാവലി അനുവദിക്കുന്നുണ്ട്. എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിലും മറ്റും സക്കാത്ത്, നികുതി അതോറിറ്റി ഓഫീസുകൾ തുറക്കുന്നതിനെയും ടൂറിസ്റ്റ് ടാക്‌സ് റിട്ടേൺ ഓഫീസുകൾ സ്ഥാപിക്കുന്നതിനെയും കുറിച്ച് അതോറിറ്റി പഠിക്കുന്നുണ്ട്. 
ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് മൂല്യവർധിത നികുതിയിൽ നിന്ന് ഇളവ് ലഭിക്കില്ല. ഇവർ ടൂറിസ്റ്റ് ടാക്‌സ് റിട്ടേൺ നിയമത്തിന്റെ പരിധിയിൽ വരില്ല. ഗൾഫ് രാജ്യങ്ങളിൽ താമസിക്കാത്തവരാണെന്ന് തെളിയിക്കുന്ന വിനോദ സഞ്ചാരികൾക്കാണ് മൂല്യവർധിത നികുതി തിരിച്ചുനൽകുന്നതിന് അനുമതിയുള്ളത്. ഗൾഫ് രാജ്യങ്ങളിൽ ഉപയോഗിക്കാതെ, ഗൾഫ് രാജ്യങ്ങൾക്ക് പുറത്തേക്ക് കയറ്റി അയക്കുകയും കൊണ്ടുപോവുകയും ചെയ്യുന്ന ഉൽപന്നങ്ങൾക്ക് മൂല്യവർധിത നികുതി ഇനത്തിൽ അടക്കുന്ന അധിക തുകയാണ് ഇവർക്ക് തിരിച്ചുനൽകുക. ഇതിന് അംഗീകൃത ടാക്‌സ് റിട്ടേൺ ഓഫീസുകൾക്ക് ഇവർ അപേക്ഷ സമർപ്പിക്കേണ്ടിവരും. 
സൗദിയിലായിരിക്കുന്ന സമയത്താണ് ടൂറിസ്റ്റുകൾ നികുതി തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകേണ്ടത്. നികുതി അടച്ചത് തെളിയിക്കുന്ന രേഖകളും നികുതി തുക തിരികെ ലഭിക്കുന്നതിനുള്ള അർഹത തെളിയിക്കുന്ന രേഖകളും ടാക്‌സ് റിട്ടേൺ ഓഫീസുകൾ ടൂറിസ്റ്റുകളിൽ നിന്ന് ശേഖരിക്കണം. അംഗീകാരത്തിനായി സക്കാത്ത്, നികുതി അതോറിറ്റിക്കു സമർപ്പിക്കുന്നതിനു മുമ്പായി അപേക്ഷകളും അനുബന്ധ രേഖകളും ടാക്‌സ് റിട്ടേൺ ഓഫീസുകൾ പരിശോധിക്കണം. മൂല്യവർധിത നികുതി സംവിധാനത്തിൽ ഇതുവരെ 83,000 ലേറെ സ്വകാര്യ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിശ്ചിത സമയത്തിനകം നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് പതിനായിരം റിയാൽ പിഴ ചുമത്തും. നിശ്ചിത സമയത്തിനകം ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കും നികുതി അടയ്ക്കാത്ത സ്ഥാപനങ്ങൾക്കും പിഴ ചുമത്തും. 
പ്രതിവർഷം പത്തു ലക്ഷം റിയാലിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾ 2017 ഡിസംബർ 20 നു മുമ്പ് വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. പ്രതിവർഷ വരുമാനം പത്തു ലക്ഷം റിയാലിൽ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ 2018 ഡിസംബർ ഇരുപതിനു മുമ്പായി മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ മതി. പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഓരോ മാസത്തിലും നികുതി റിട്ടേണുകൾ സമർപ്പിക്കൽ നിർബന്ധമാണ്. അതത് മാസത്തെ നികുതി റിട്ടേണുകൾ തൊട്ടടുത്ത മാസം അവസാനിക്കുന്നതിനു മുമ്പാണ് സമർപ്പിക്കേണ്ടത്. ഇത്രയും വിറ്റുവരവില്ലാത്ത സ്ഥാപനങ്ങൾ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്. പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. എന്നാൽ 1,87,500 റിയാൽ മുതൽ 3,75,000 റിയാൽ വരെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമില്ല. 1,87,500 റിയാലിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുമില്ല. 

 

Latest News