പ്ലീസ്, വാക്കുകള്‍ വളച്ചൊടിച്ച് ഉപദ്രവിക്കല്ലേ-ഉമ നായര്‍ 

കൊച്ചി- തന്റെ വാക്കുകളെ വളച്ചൊടിച്ച് വാര്‍ത്ത കൊടുത്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടി ഉമ നായര്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കോവിഡ് കാലത്തെ ലോക്ഡൗണ്‍ ഗുരുതരമായി ബാധിക്കും എന്ന വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടത്. ഇത് തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഉമ ഫേ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഉമ നായരുടെ കുറിപ്പ്:

നമസ്‌കാരം- ഞാന്‍ ഒരു കാര്യം എന്റെ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കാന്‍ വന്നതാണ്. ഇങ്ങനെ ഒരു കുറിപ്പ് വേണ്ട എന്ന് സ്‌നേഹിതര്‍ പറഞ്ഞു.  ഇത് കേട്ട് മറക്കാന്‍ പക്ഷെ ഇത് കേട്ടിട്ട് മറക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ സഹൃദയര്‍ക്കും എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരോടും ഇതിന്റെ സത്യം അറിയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. രണ്ടാം തവണ ആണ് ഇങ്ങനെ ഇല്ലാത്ത കാര്യം പറഞ്ഞു ഉപദ്രവിക്കുന്നത്. ഈ ലോക്ഡൗണ്‍ വരുന്നതിനു മുന്‍പ് കോവിഡ് അല്‍പം കൂടി വരുന്ന സാഹചര്യത്തില്‍ ഞാന്‍ വളരെ ബഹുമാനപൂര്‍വ്വം, നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രസ്ഥാനങ്ങളില്‍ ഒന്നായ ടൈംസ് ഓഫ് ഇന്ത്യക്ക് ഇന്റര്‍വ്യൂ കൊടുത്തു. അവര്‍ അത് സത്യസന്ധമായി എഴുതി.
ഞാന്‍ പറഞ്ഞത് ആദ്യം കോവിഡ് വന്നതില്‍ നിന്നും ഈ സമൂഹം ഒന്ന് കരകയറി വരുന്നതേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ വീണ്ടും കോവിഡ് കൂടി വരുന്നതില്‍ ഭയം ഉണ്ട്.  ഇനിയും ഒരു ലോക്ഡൗണ്‍ എന്നെ പോലെയുള്ള സാധാരണക്കാരന് തരണം ചെയ്യാന്‍ ബുദ്ധിമുട്ട് ആയിരിക്കും- ഇതാണ് പറഞത്.
ഇത് ലോക്ഡൗണ്‍ അറിയിപ്പ് വരുന്നതിന് മുന്‍പ് ആണ്.  അന്ന് കോവിഡ് കൂടി വരുന്നതിന്റെ ആശങ്ക ആണ് പങ്കുവച്ചത. ഈ വാക്കുകളെ വളച്ചൊടിച്ചു എനിക്ക് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ആണ് എന്നാക്കി ചില യൂട്യൂബ് ചാനലുകള്‍ അങ്ങനെ വാര്‍ത്ത വന്നതിന്റെ പേരില്‍ ഞാന്‍ അറിയാത്ത പലരും മെസേജ് അയച്ചു. മോശമായി സംസാരിക്കുകയും, അറിയാവുന്നവര്‍ എന്തുപറ്റി ഇത്രയും അവസ്ഥയില്‍ ആണോ എന്നും ഞങ്ങളോടൊന്നും പറയാതെ എന്തിനു ഇങ്ങനൊരു വാര്‍ത്ത കൊടുത്തു നാണക്കേട് വാങ്ങിയത് എന്നും അങ്ങനെ പ്രതികരണം പലവിധത്തില്‍. എനിക്ക് പറയാന്‍ ഉള്ളത് ഒരു സാധാരണ വ്യക്തി ആണ് ഞാനും.  എന്നെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഗോസിപ്പ് ഉണ്ടാക്കി തെറിവിളിപ്പിച്ചു ഉപദ്രവിക്കരുത്. ഈ പ്രവണത എന്നെ പോലുള്ളവര്‍ക്ക് പ്രിയപ്പെട്ടവരോട് ഒന്നും പങ്കു വയ്ക്കാന്‍ പറ്റാതെ ആക്കും. 
ദയവു ചെയ്ത് എന്നെ പോലുള്ള സാധാരണമനുഷ്യരെ സഹായിച്ചില്ലെകിലും ഉപദ്രവിക്കരുത്.  പിന്നെ തെറി വിളിക്കുന്നവരോട് മാത്രം ആയി. കോടികള്‍ വാങ്ങി കീശയില്‍ ഇട്ട് ധൂര്‍ത്തു കാണിച്ചിട്ട് മോങ്ങുന്നോ എന്ന് ആണെല്ലോ കൂടുതല്‍ പറഞ്ഞത്.  എങ്കില്‍ ആദ്യം ഒന്നറിയുക ഞങ്ങള്‍ കലാകാരന്‍മാര്‍ക്ക്  ജോലി ഉള്ളപ്പോള്‍ മിതമായ കൂലി ഉണ്ടാകും ചിലപ്പോള്‍ ജോലി ഒട്ടും ഇല്ലാത്ത അവസ്ഥയും എങ്കിലും ഭൂരിപക്ഷം പേരും ഒരു സങ്കടങ്ങളും ആരോടും പറയില്ല. കാരണം ജനങ്ങള്‍ കലാകാരന്മാരെ കാണുന്ന കാഴ്ചപ്പാട് വളരെ വലിയ ഒരു നിലയില്‍ ആണ് അതില്‍ കുറച്ചുപേര്‍ ഒരുപാട് കഷ്ടപ്പെട്ട് ഒരു നല്ല നിലയില്‍ എത്തിയിട്ടുണ്ട്. പക്ഷെ ഭൂരിഭാഗം ഞാന്‍ മുകളില്‍ പറഞ്ഞ പ്രശ്‌നം നേരിടുന്നു സാധാരണ മനുഷ്യര്‍ തന്നെ ആണ്. ജോലി സമൂഹത്തിനെ രസിപ്പിക്കുക എന്നതാണ്, അതുകൊണ്ട് ഇനിയെങ്കിലും നല്ലത് പറഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുതേ ഞാനും ചെറുതായി ജീവിച്ചോട്ടെ. 
 

Latest News