അര മന്ത്രിയാവണോ.. ഗണേശിന് ആശയക്കുഴപ്പം, അതൃപ്തി

തിരുവനന്തപുരം - മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഇടതുമുന്നണിയില്‍ അതൃപ്തി. ആദ്യമായി മന്ത്രിപദം ലഭിക്കുന്ന ഐ.എല്ലിന് മാത്രമാണ് സന്തോഷം. രണ്ട് മന്ത്രിസ്ഥാനം കിട്ടാത്ത കേരള കോണ്‍ഗ്രസും അവസാനത്തെ രണ്ടര വര്‍ഷം ഓഫര്‍ ലഭിച്ച ഗണേശ് കുമാറും അതൃപ്തിയിലാണ്.
രണ്ടര വര്‍ഷത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കണോ എന്നതില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ട്. വകുപ്പിനെക്കുറിച്ച് പഠിച്ചുവരുമ്പോഴേക്ക് സമയം തീരുമെന്നാണ് ഗണേശിന്റെ നിലപാട്.

ഒരംഗം വീതമുള്ള നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം രണ്ടു മന്ത്രിസ്ഥാനങ്ങള്‍ പങ്കുവക്കാനാണ് തീരുമാനം.
ഇതനുസരിച്ച് കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കും. ലോക് താന്ത്രിക് ജനതാദളിന് മന്ത്രിസ്ഥാനമില്ല.

രണ്ട് അംഗങ്ങളുള്ള ജനതാദള്‍ എസുമായി എല്‍.ജെ.ഡി ലയിക്കണമെന്ന നിര്‍ദ്ദേശമാണ് നേരത്തേ മുതല്‍ സി.പി.എം മുന്നോട്ടുവച്ചിരുന്നത്. ഇന്നലെ ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കുമായി ഒരു വകുപ്പ് നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് എല്‍.ജെ.ഡി നേതാക്കളെ സി.പി.എം നേതൃത്വം അറിയിച്ചു. അതേസമയം, മന്ത്രിസ്ഥാനമില്ലെങ്കില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളടക്കം സ്വീകരിക്കരുതെന്നാണ് എല്‍.ജെ.ഡിയിലെ വികാരം. എന്നാല്‍ മുന്നണി വിടില്ല.

 

Latest News