ഡി ആര്‍ ഡി ഒ യുടെ കോവിഡ് മരുന്ന് പുറത്തിറക്കി, ദല്‍ഹിയില്‍ ആദ്യം

ന്യൂദല്‍ഹി- ഡി ആര്‍ ഡി ഒ വികസിപ്പിച്ച കോവിഡ് മരുന്നായ 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാവിലെ പത്തരക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മരുന്ന് പുറത്തിറക്കിയത്. രാജ്നാഥ് സിംഗ് മരുന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന് കൈമാറി. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെ സംബന്ധിച്ച് ഇതൊരു അഭിമാനകരമായ നേട്ടമാണ്.
ദല്‍ഹിയിലെ ആശുപത്രികളിലാണ് ആദ്യം മരുന്ന് നല്‍കുക. ദല്‍ഹി ആശുപത്രികളില്‍ 10,000 ഡോസ് ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡോ. റെഡ്ഡിസ് ലബോറട്ടറിയുമായി സഹകരിച്ച് ഡിആര്‍ഡിഒയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) ആണ് ഈ മരുന്ന് വികസിപ്പിച്ചത്.

പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തില്‍ കലക്കി കഴിക്കാം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കായിരിക്കും ഈ മരുന്ന് നല്‍കുക. മരുന്ന് ശരീരത്തിനകത്തെത്തുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്സിജന്‍ നില പൂര്‍വാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്.

 

Latest News