Sorry, you need to enable JavaScript to visit this website.

ആശുപത്രിയിലേക്കുള്ള റോഡുകളും ഇസ്രായില്‍ തകര്‍ത്തു; ഗാസയില്‍ മരിച്ചവരില്‍ 47 കുട്ടികളും 29 സ്ത്രീകളും

ഗാസ സിറ്റി- ഗാസയില്‍ ഇസ്രായില്‍ തുടരുന്ന വ്യാമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 174 ആയി ഉയര്‍ന്നു. ഇവരില്‍ 47 കുട്ടികളും 29 സ്ത്രീകളും ഉള്‍പ്പെടുന്നവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1200 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഡസന്‍ കണക്കിന് കെട്ടിടങ്ങളാണ് തരിപ്പണമായത്. ഇവയുടെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് രക്ഷാ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാവിലെയും ഗാസ നഗരത്തിലെ പ്രധാനഭാഗങ്ങളില്‍ നിരവധി കെട്ടിടങ്ങളും റോഡുകളും ഇസ്രായില്‍ തകര്‍ത്തു. ഗാസയിലെ ഏറ്റവും വലിയ ഹോസ്പിറ്റലായ അല്‍ ശിഫയിലേക്കുള്ള റോഡുകളും ബോംബിട്ട് തകര്‍ത്തതായി പ്രദേശ വാസികളും മാധ്യമപ്രവര്‍ത്തകരും പറഞ്ഞു.
ശനിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് ഏഴു പേര്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കം 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രായില്‍ -ഫലസ്തീന്‍ സംഘര്‍ഷം ഞായറാഴ്ച യു.എന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യാനിരിക്കെ, ഏറ്റവും ഒടുവില്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ഇസ്രായില്‍ സൈന്യത്തിന്റെ പ്രസ്താവന പുറത്തുവന്നിട്ടില്ല.
അസോസിയേറ്റഡ് പ്രസിന്റേയും മറ്റു മാധ്യമ ഏജന്‍സികളുടേയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന 12 നില കെട്ടിടം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇസ്രായില്‍ ആക്രമിച്ചിരുന്നു. ഇതിനു ശേഷം അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുന്നില്ല. മാധ്യമങ്ങളെ നിശ്ശബ്ദമാക്കുന്നതിന് ഇസ്രായില്‍ മനഃപൂര്‍വം ഈ കെട്ടിടം തകര്‍ത്തതാണെന്ന് മീഡിയ സ്ഥാപനങ്ങള്‍ ആരോപിച്ചു.

 

സല്‍മാന്‍ രാജാവിന്റെ പേരില്‍ സമ്മാന വാഗ്ദാനം; വസ്തുത അറിയാതെ ആയിരങ്ങള്‍ പിറകെ
ഗാസയില്‍ ഹമാസ് പൊളിറ്റിക്കല്‍ മേധാവിയുടെ വീട് തകര്‍ത്തതായി ഇസ്രായില്‍

Latest News