ഗാസയില്‍ ഹമാസ് പൊളിറ്റിക്കല്‍ മേധാവിയുടെ വീട് തകര്‍ത്തതായി ഇസ്രായില്‍

ഗാസ സിറ്റി- ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി യഹ്‌യ സിന്‍വറിന്റെ വീട് വ്യോമാക്രമണത്തില്‍ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല.
യഹ് യ സിന്‍വറിനു പുറമെ അദ്ദേഹത്തിന്റെ സഹോദരനും ഹമാസിന്റെ ലോജിസ്റ്റിക്‌സ് ആന്‍ മാന്‍പവര്‍ മേധാവിയുമായ മുഹമ്മദ് സിന്‍വറിന്റെ വീടും തകര്‍ത്തതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടേയും പുക ഉയരുന്നതിന്റേയും വീഡിയോയും പുറത്തുവിട്ടു. രണ്ട് വീടുകളും ഹമാസിന്റെ സൈനിക സൗകര്യങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. സിന്‍വര്‍ സഹോദരന്മാരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹമാസ് സൈനിക വിഭാഗം കമാന്‍ഡറായിരുന്ന യഹ് യ സിന്‍വറിനെ 20 വര്‍ഷം ജയിലിലടച്ച ശേഷം 2011 ല്‍ തടവുകാരെ പരസ്പരം കൈമാറിയതിന്റെ ഭാഗമായാണ് ഇസ്രായില്‍ വിട്ടയച്ചിരുന്നത്. 2017 ലാണ് ആദ്യമായി ഹമാസിന്റെ പൊളിറ്റിക്കല്‍ വിംഗ് നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. തൂടര്‍ന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഹമാസിന്റെ മുഖ്യനേതാവ് ഇസ്മായില്‍ ഹനിയ്യ ഖത്തറില്‍ വിപ്രവാസ ജീവിതം നയിക്കുകയാണ്. ഹമാസിന്റെ തുരങ്ക സംവിധാനം ബോംബിട്ട് തകര്‍ത്തതായും ഇസ്രായില്‍ അവകാശപ്പെട്ടു.
ഗാസയില്‍നിന്ന് ഇതുവരെ 2900 റോക്കറ്റാക്രമണം നടത്തിയെന്നും ഇതില്‍ 450 എണ്ണം ഇസ്രായിലിനകത്ത് പതിച്ചുവെന്നും സൈന്യം വെളിപ്പെടുത്തി. 1150 റോക്കറ്റുകള്‍ വ്യോമ പ്രതിരോധ സംവിധാനം തടയുകയും തകര്‍ക്കുകയും ചെയ്തു.

സല്‍മാന്‍ രാജാവിന്റെ പേരില്‍ സമ്മാന വാഗ്ദാനം; വസ്തുത അറിയാതെ ആയിരങ്ങള്‍ പിറകെ

 

Latest News