ഹൈദരാബാദ്- വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തുടർച്ചയായി ക്ഷേത്ര ദർശനം നടത്തിയതെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. മോഡിയെ പിന്തുടരുകയായിരുന്നു രാഹുൽ. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ പ്രചാരണമല്ല നടത്തിയത്. മറിച്ച് രണ്ട് വിഭാഗവും പരമാവധി ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് സമയം കണ്ടെത്തിയത്. ഇവരുടെ ക്ഷേത്ര സന്ദർശനം വെറും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്. എന്തുകൊണ്ടാണ് ഇവർ രണ്ടു പേരും ഒറ്റ പള്ളിയും ദർഗയും സന്ദർശിക്കാതിരുന്നതെന്ന് ഉവൈസി ചോദിച്ചു.
ക്ഷേത്രങ്ങളിൽ പോയി ഫോട്ടോകൾക്ക് പോസ് ചെയ്ത മോഡിയും രാഹുലും മുസ്‌ലിംകളോടൊപ്പം ഒറ്റ ഫോട്ടോയുമെടുത്തില്ല. ഇതേക്കുറിച്ച് ഒരു മുതിർന്ന കോൺഗ്രസ് നേതാവിനോട് ചോദിച്ചപ്പോൾ ഗുജറാത്തിൽ അതൊക്കെ വേണമെന്നായിരുന്നു മറുപടി.
അടുത്ത തെരഞ്ഞെടുപ്പിൽ താനും പച്ചവസ്ത്രമണിഞ്ഞ് പള്ളികളിലും ദർഗകളിലും പോകും. കോൺഗ്രസും ബി.ജെ.പിയുമാണിത് കാണിച്ചുതന്നത്. ഇതാണ് തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള മാർഗമെന്ന് നിങ്ങളാണ് കാണിച്ചുതന്നത്- ഉവൈസി പറഞ്ഞു.






