Sorry, you need to enable JavaScript to visit this website.

കേരളത്തിൽ 300 ചികിത്സാ ബെഡ്  ഒരുക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ  

കോഴിക്കോട് - രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന ഈ സാഹചര്യത്തിൽ കോവിഡ് രോഗികളുടെ ചികിത്സക്കായി പീപ്പിൾസ് ഫൗണ്ടേഷൻ 300 ബഡുകൾ ഒരുക്കുമെന്ന് ചെയർമാൻ എം.കെ. മുഹമ്മദലി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ശാന്തി, തൃശൂർ പെരുമ്പിലാവ് അൻസാർ, ആലപ്പുഴ ഹരിപ്പാട് ഹുദ എന്നീ ഹോസ്പിറ്റലുകളുമായി സഹകരിച്ചു കൊണ്ട് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ ബെഡ്, റൂം/വാർഡ് സൗകര്യങ്ങൾ, ഓക്‌സിജൻ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈ ഹോസ്പിറ്റലുകളെ പീപ്പിൾസ് ഫൗണ്ടേഷൻ സഹായിക്കും. 


അതോടൊപ്പം സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചു കൊണ്ടുമായിരിക്കും പദ്ധതി നടപ്പാക്കുക. എത്തിക്കൽ മെഡിക്കൽ ഫോറം (ഇ.എം.എഫ്), ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു) എന്നീ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, വളണ്ടിയർ സേവനങ്ങൾ ഒരുക്കും. പദ്ധതിക്കാവശ്യമായ ഫണ്ട് പൊതുജനങ്ങളിൽ നിന്നും ശേഖരിക്കും. 
'തണലൊരുക്കാം ആശ്വാസമേകാം' എന്ന പേരിൽ കഴിഞ്ഞ വർഷാവസാനം നടപ്പാക്കിയ കോവിഡ് 19 ബാധിച്ചു മരിച്ച നിർധനരായ പ്രവാസി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി അവസാന ഘട്ടത്തിലാണ്.


63 കുടുംബങ്ങൾക്ക് 2.36 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. നിർധനരായ പ്രവാസികളുടെ കുടുംബങ്ങൾക്ക് വീട്, മരിച്ച പ്രവാസികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ്, അർഹരായ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സ്വയം തൊഴിൽ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങൾക്ക് ഭൂമി എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു പുനരധിവാസ പദ്ധതികൾ. 
കോവിഡ് ഒന്നാം തരംഗ ഘട്ടത്തിൽ ലോക്ഡൗൺ സമയത്ത് ഒന്നര ലക്ഷം ജനങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ ഫൗണ്ടേഷന് സാധിച്ചിരുന്നു. കോവിഡ് ബോധവൽക്കരണ പരിപാടികൾ, മാസ്‌ക് നിർമാണ യൂനിറ്റുകൾ വിതരണം, സർക്കാർ മെഡിക്കൽ കോളേജുകൾക്ക് പി.പി.ഇ കിറ്റുകൾ, ഹെൽത്ത് സെന്ററുകൾ പഞ്ചായത്ത് ബിൽഡിംഗ് സാനിറ്റൈസ് ചെയ്യൽ, ഇമ്യൂണിറ്റി മെഡിസിൻ വിതരണം, ഓൺലൈൻ കൗൺസിലിംഗ്, ക്യാമ്പ് അംഗങ്ങൾക്ക് വസ്ത്ര വിതരണം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളികൾക്ക് യാത്രാ സൗകര്യമൊരുക്കൽ, കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണ സാധനങ്ങൾ, അതിഥി തൊഴിലാളികൾക്കായി ഹെൽപ് ഡെസ്‌ക് സേവനങ്ങൾ എന്നീ സേവനങ്ങളും നിർവഹിച്ചിരുന്നു.  


 

Latest News