Sorry, you need to enable JavaScript to visit this website.

ജറൂസലമിലെ പോർവിളികൾ 

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്.  പശ്ചാത്തലത്തിൽ യഹൂദർ ടെമ്പിൾ മൗണ്ട് എന്ന് വിളിക്കുന്ന മുസ്‌ലിംകളുടെ വിശുദ്ധ ദേവാലയം അൽ അഖ്‌സ അഥവാ അൽ ഹറം അൽ ഷെരീഫ് ആളിക്കത്തുന്നു, പള്ളിക്കു സമീപമുള്ള മരവും കത്തിക്കരിഞ്ഞു നിൽപ്പുണ്ട്. (ഉത്തരവാദികൾ സ്റ്റൺ ഗ്രനേഡുമായി നിലയുറപ്പിച്ച ഇസ്രായിൽ പോലീസ് ആണെന്ന് ചിലർ, മറ്റു ചിലർ പഴിക്കുന്നത് പടക്കമെറിയുന്ന ഫലസ്തീൻകാരെയാണ്). ഇങ്ങു താഴെ പടിഞ്ഞാറെ മതിലിനു സമീപമുള്ള വലിയ ചത്വരം ജറൂസലം ദിനം ആഘോഷിക്കാൻ എത്തിയിരിക്കുന്ന വലതുപക്ഷ സിയോണിസ്റ്റ് വിശ്വാസികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു, തീ കണ്ട് അവർ ആർത്തു വിളിക്കുകയാണ്, കൂടെ തീവ്ര വലതുപക്ഷത്തിന്റെ ഇടയിൽ പ്രചാരത്തിലുള്ള പ്രതികാര ചുവയുള്ള ഗാനം അകമ്പടിയായുണ്ട്. ഗാസയിലെ ദേവാലയത്തിന്റെ തൂണുകൾ പിഴുതെടുക്കും മുമ്പ് സാംസൺ പാടിയ പാട്ടിലേതാണ് വരികൾ, 'ദൈവമേ, എന്റെ രണ്ടു കണ്ണുകൾക്ക് പകരമായി ഒരൊറ്റ അടികൊണ്ടു ഫലസ്തീനികൾക്കെതിരെ പ്രതികാരം ചെയ്യാൻ എനിക്ക് കഴിഞ്ഞെങ്കിൽ! ഇസ്രായിൽ ചെറുപ്പക്കാർ ആവേശഭരിതരായി തുള്ളിച്ചാടിക്കൊണ്ട് പറയുന്നു, 'അവരുടെ പേരുകൾ എന്നെന്നേക്കുമായി തുടച്ചു മാറ്റപ്പെടട്ടെ.'


ഇതാദ്യമായല്ല ഈ പുണ്യപ്രദേശങ്ങൾ ഇത്തരത്തിലുള്ള അക്രമോത്സുക മനോഭാവങ്ങൾക്കു വിധേയമാകുന്നത്.  ഇങ്ങനെയുള്ള ഭീകരാസക്തിയെ പുരാതന പ്രതീകങ്ങളോടുള്ള മനോഭാവത്തിന്റെ പുതിയ രീതിയിലുള്ള പൊട്ടിത്തെറിയായി കാണാനാണ് ആഗ്രഹിക്കുന്നതും. പക്ഷേ ഇതൊരു തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തയാണ്- ഈ പ്രദേശത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും അതു സംവദിക്കുന്ന അർഥതലങ്ങളും നാടകീയമായ പല മാറ്റങ്ങൾക്കും വിധേയമാക്കപ്പെട്ടതാണ്, പ്രത്യേകിച്ച് ജൂത ഇസ്രായിലികൾക്ക്.


പൗരാണിക കാലത്തുനിന്നു മധ്യ കാലത്തേക്കു വേരുറപ്പിച്ച യഹൂദ മതം 70 സി.ഇയിൽ റോമക്കാരാൽ നാമാവശേഷമാക്കപ്പെട്ടതായിരുന്നു. യഹൂദ പ്രാർഥനകളിൽ തങ്ങളുടെ മത പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ടെങ്കിലും അതിന്റെ ആത്മാവും ആചാരങ്ങളുമെല്ലാം ബൈബ്ൾ സങ്കൽപങ്ങളിലുള്ള ക്ഷേത്രാചാര സംബന്ധിയായ, മൃഗബലി പോലെയുള്ള അനുഷ്ഠാനങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. പടിഞ്ഞാറെ ഭിത്തി (ഹെരോത് ദേവാലയത്തിന്റെ സംരക്ഷണ ഭിത്തിയുടെ അവശിഷ്ടം) യഹൂദർ തങ്ങളുടെ പവിത്ര പ്രദേശമായി കാണുന്ന സ്ഥലമാണ്-ജൂത മത രൂപീകരണത്തിന്റെ അടയാളമായി. സിയോണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അവരുടെ പ്രത്യയ ശാസ്ത്രത്തിന്റെ അടയാളം കൂടിയാണത്. 


സിയോണിലേക്കുള്ള മടങ്ങി വരവ് ആഹ്വാനം ചെയ്യുന്ന യഹൂദ ദേശീയ പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ തന്നെ ഈ മതിലിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട് -അതിന്റെ ഭാഗമായി മതിലിനു സമീപമുള്ള പ്രദേശങ്ങളൊക്കെ അവർ വിലയ്ക്ക് വാങ്ങി, വിശ്വാസികൾക്കായി അവിടെ ഒരു ചത്വരം നിർമ്മിച്ചു, ഒരു വശത്തു ഇതിനെ ഒരു ദേശീയ ഉയിർപ്പിന്റെ അടയാളമായി മാറ്റാനുള്ള ശ്രമങ്ങൾ കാര്യമായി നടന്നപ്പോൾ മറുവശത്തു നാശത്തിന്റെ ശേഷിപ്പായാണ് ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ നിലകൊണ്ടത്. അതൊരു തിരസ്‌കരിക്കാനാവാത്ത യാഥാർഥ്യവുമായിരുന്നു. ആദ്യകാല സിയോണിസ്റ്റ് ഇടപെടലിൽ ഈ കുഴഞ്ഞുമറിയൽ വളരെ പ്രകടമായിരുന്നു. സിയോണിസത്തിന്റെ തുടക്ക കാലത്തു ഈ മതിൽ മിക്കവാറും അവരെ സംബന്ധിച്ച്  അപ്രസക്തവുമായിരുന്നു.


1967 ലെ കിഴക്കൻ ജറൂസലമിലെ ഇസ്രായിൽ അധിനിവേശത്തിന് ശേഷം ഈ പ്രദേശങ്ങൾ പൂർണമായും ഇസ്രായിൽ അധികൃതരുടെ നിയന്ത്രണത്തിലായിരുന്നു. ഫലസ്തീൻ മുസ്‌ലിംകളുടെ അധീനതയിലുള്ള ഹറമിന്റെ  പദവി അതേ രീതിയിൽ സംരക്ഷിക്കപ്പെടുമെന്ന് അവർ വാക്ക് നൽകിയിരുന്നു, എന്നാൽ പടിഞ്ഞാറെ മതിലിന്റെ കാര്യം എത്തിയപ്പോൾ ഇതൊരു ദേശീയ അടയാളമാക്കണമെന്നുള്ള അവരുടെ ആഗ്രഹം വിജയിച്ചു. ദിവസങ്ങൾക്കുള്ളിൽ മതിലിനു സമീപമുള്ള മഗ്‌രബി പ്രദേശം ചത്വര നിർമാണത്തിനായി  ജനശൂന്യമാക്കി. ഏറ്റവും അടുത്ത് നിന്നാൽ മാത്രം കാണാനാവുമായിരുന്ന, കാണാമറയത്തെന്നപോലെ ഉണ്ടായിരുന്ന മതിൽ പ്രാധാന്യമുള്ള ഒരു വേദിയായി ഉയർത്തപ്പെട്ടു, പ്രാർഥനാ കാര്യങ്ങൾക്കു മാത്രമല്ല, സൈനിക ആഘോഷങ്ങൾക്കും ഇന്ന് ഈ ചത്വരം ഉപയോഗിക്കപ്പെടുന്നു.
എന്നാൽ ഈ മാറ്റം മതിലുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ വൈരുധ്യനിലപാടുകളെ പരിഹരിക്കാൻ ഒരുവിധത്തിലും സഹായിച്ചില്ല. മാത്രമല്ല, അതിനെ കൂടുതൽ വഷളാക്കുകയാണ് ഉണ്ടായത്. മുമ്പത്തേക്കാളുപരിയായി താഴെ ഭാഗത്തുള്ള ജൂതർക്കും, മുകളിലുള്ള മുസ്‌ലിംകൾക്കും ഇടയിലായി നാശത്തിന്റെയും തിരിച്ചു പിടിക്കലിന്റെയും പ്രതീകമെന്നോണം അതു നിലകൊള്ളുന്നു. 


1967നു ശേഷം മതേതര ലേബർ പ്രസ്ഥാനം സിയോണിസ്റ്റ് മതവാദികളുടെ കൈകളിലമർന്നു. അധിനിവിഷ്ട പ്രദേശങ്ങളെ കോളനികളാക്കി മാറ്റുന്നതിന് ഇവർ നേതൃത്വം നൽകി. യഹൂദർക്ക് മടങ്ങിയെത്താനുള്ള വാഗ്ദത്ത ഭൂമി വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു അവരുടെ വ്യാഖ്യാനം. അങ്ങനെ ഇപ്പോൾ ഇസ്രായിൽ നിയന്ത്രണത്തിലുള്ള പുണ്യ നഗരങ്ങളൊക്കെ പുതിയ മാനങ്ങൾ കൈവരിച്ചു. പുതിയ അതിർത്തികളായി മാറി. മതവാദികളായ സിയോണിസ്റ്റുകളിൽ പലരും ഈ മതിൽ കൊണ്ട് തൃപ്തരല്ല, കാരണം ടെമ്പിൾ മൗണ്ട് കൈപ്പിടിയിൽ ഒതുക്കാവുന്ന അകലെയാണ്.
1950 കളിൽ ഹറമിലെ ഇസ്‌ലാമിക സൈറ്റുകൾ തകർക്കാൻ രണ്ടു പ്രാവശ്യമാണ് ജൂത തീവ്രവാദികൾ ശ്രമിച്ചത്. അതിനുശേഷം ഹറമിന്റെ നിയന്ത്രണം ഒരു ചെറിയ വിഭാഗത്തിൽനിന്നു ശക്തമായ രാഷ്ട്രീയ പിൻബലമുള്ള ഒരു വലിയ പ്രസ്ഥാനത്തിലേക്കു മാറി. കഴിഞ്ഞ കുറെ വർഷങ്ങളായി രാജ്യത്തിന്റെ സമസ്ത മേഖലകളും ഇസ്രായിലിന്റെ നിയന്ത്രണത്തിന് കീഴിൽ വരുന്ന തരത്തിലുള്ള ജൂത ആധിപത്യമാണ് അവിടെ നടന്നുവരുന്നത്. ഹറമിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായിലിന്റെ കഴിവില്ലായ്മയോ വിമുഖതയോ അവരുടെ ദുർബലമായ പരമാധികാരത്തിന്റെ ലക്ഷണമായാണ് വലതുപക്ഷ തീവ്രവാദികൾ വിലയിരുത്തുന്നത്. ഈ ഒരു നിരാശ നാശത്തിന്റെ പ്രതീകമായ മതിലിൽനിന്നു മാറി അവരുടെ താല്പര്യം ടെമ്പിൾ മൗണ്ടിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായി.


അതുകൊണ്ട് തന്നെ അൽ അഖ്‌സ പള്ളിയിലെ ഫലസ്തീൻ സാന്നിധ്യം ഇസ്രായിൽ അധികാരികളുടെ ഉറക്കം കെടുത്തുന്നു. ഈ സാന്നിധ്യമാണ് അധിനിവേശത്തിനുള്ള അവരുടെ ഏറ്റവും വലിയ തടസവും. പ്രതിരോധ മാർഗങ്ങൾക്കു കൂടുതൽ കരുത്തു പകരുന്ന ചാലക ശക്തിയാണ് ഫലസ്തീൻ പൗരന്മാർക്ക് ഈ പരിശുദ്ധ പരിസരം. 
ഹറം ശരീഫ് ഒരു പ്രതീകമാണ് - ദുർബലമായ ഫലസ്തീൻ അതോറിറ്റിയെക്കാളും ഹമാസ് റോക്കറ്റുകളെക്കാളുമുപരി ജൂത-ഇസ്രായിലി ആധിപത്യത്തോടുള്ള പ്രതീകാത്മകമായ വെല്ലുവിളിയുടെ പ്രതീകം. പള്ളിയിലേക്കുള്ള ഇസ്രായിൽ പോലീസിന്റെ കടന്നുകയറ്റവും പരിക്കേറ്റ മുസ്ലിം വിശ്വാസികളുടെ എണ്ണത്തിലുള്ള വർധനയും ഇതാണ് വിശദീകരിക്കുന്നത്. ഹറം ശരീഫ് കത്തുമ്പോൾ ഇസ്രായിൽ ചെറുപ്പക്കാർ വംശഹത്യ മുഴക്കുന്ന വരികൾ പാടിത്തിമർക്കുന്നതിന്റെ വിശദീകരണവും ഇത് തന്നെ. ഉന്മാദാവസ്ഥയിലുള്ള ഒരു പുതിയതരം ജൂതയിസത്തിന്റെ വിത്തിടൽ ഇവിടെ നടക്കുന്നുവെന്നത് ആരും ശ്രദ്ധിക്കുന്നില്ല. രാജ്യത്തെ സമ്പൂർണമായ ആഭ്യന്തര യുദ്ധത്തിലേക്കു നയിക്കുമെന്ന ഭീഷണിയാണ് ഇതെല്ലാം ഉയർത്തുന്നത്.

(ലണ്ടൻ സർവകലാശാലയിലെ ഇസ്രായിൽ പഠനവിഭാഗത്തിലെ അധ്യാപകനാണ് ലേഖകൻ. അവലംബം: ദ ഗാർഡിയൻ.)

 

 

Latest News