Sorry, you need to enable JavaScript to visit this website.

പുതുമുഖ തന്ത്രത്തിന് പിന്നിൽ 


നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള തന്ത്രം വിജയം കണ്ടതിന് പിന്നാലെ പുതുമുഖ മന്ത്രിമാരെ ഇറക്കി മറ്റൊരു പരീക്ഷണത്തിനാണ് പിണറായി വിജയൻ ഒരുങ്ങുന്നത്. ഒരു വെടിക്ക് രണ്ട് പക്ഷി എന്നതാണ് ഈ രാഷ്ട്രീയ തന്ത്രശാലിയുടെ ശൈലി. തെരഞ്ഞെടുപ്പിൽ മിടുക്കന്മാരെ പലരേയും വീട്ടിലിരുത്തിയ അതേ തന്ത്രം. മുമ്പ് വിഭാഗീയതയുടെ പേരിൽ പാർട്ടിയിലെ കേമന്മാരെ ഒന്നുമല്ലാതാക്കി മൂലയിലേക്ക് ചവിട്ടി ഒതുക്കിയ തന്ത്രം! ഇത്തവണയും പിണറായിക്ക് തന്നെയായിരിക്കും വിജയമെന്നതിൽ സംശയമില്ല. രാഷ്ട്രീയമായി അദ്ദേഹത്തിന്റെ നീക്കങ്ങൾ കുറച്ചുകാലമായി പാളിപ്പോകാത്തതിനാൽ ഇക്കാര്യത്തിലും പിഴക്കില്ല. 


മന്ത്രിമാരെ നിശ്ചയിക്കാനുള്ള അവകാശം മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രിക്കുള്ളതാണ്. ആരായിരിക്കണം മന്ത്രിമാർ, അവരുടെ വകുപ്പുകൾ ഏതായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമാഭിപ്രായം മുഖ്യമന്ത്രിയുടേതാണ്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടികളിൽ മന്ത്രിമാരേയും വകുപ്പുകളും നിശ്ചയിക്കുന്നതിൽ മുൻകാലങ്ങളിൽ പാർട്ടി തീരുമാനം ഉണ്ടാകാറുണ്ട്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയുമായിരുന്നപ്പോൾ ഇത് കണിശമായി പാലിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫിനെപ്പോലും നിശ്ചയിച്ചത് പാർട്ടിയായിരുന്നു. മുഖ്യമന്ത്രിക്ക് വകുപ്പുകൾ നൽകാതെയും പ്രവർത്തന സ്വാതന്ത്ര്യം നൽകാതെയും കെട്ടിയിട്ടത് പാർട്ടിയായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി. 


പാർട്ടിയിലായാലും സർക്കാരിലായാലും പിണറായി വിജയൻ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവാണ്. അധികാരം എങ്ങനെ പ്രയോഗിക്കണമെന്ന് നന്നായി അറിയാവുന്ന ആളുമാണ്. അത് നല്ലതിനും നല്ലതല്ലാത്തതിനും അദ്ദേഹം ഉപയോഗിക്കുമെന്ന് മാത്രം. പാർട്ടി സെക്രട്ടറിയുടെ അധികാരം പരമാധികാരമായി അദ്ദേഹം ഉപയോഗിച്ചതിനാൽ വി.എസിന് ആഭ്യന്തരം, വിജിലൻസ് തുടങ്ങിയ വകുപ്പുകൾ നൽകിയില്ല. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, പ്രസ് സെക്രട്ടറി, പി.എ തുടങ്ങിയവരെയൊക്കെ പറഞ്ഞുവിടുകയും ചെയ്തു. പാർട്ടി ശാസനകളാൽ കെട്ടിയിടപ്പെട്ട മുഖ്യമന്ത്രിയായി വി.എസിന് അഞ്ചുവർഷം ഇരിക്കേണ്ടിവന്നു.


ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് തവണ എം.എൽ.എയായവരെ മാറ്റിനിർത്താൻ പിണറായി വിജയൻ നിർദ്ദേശം കൊണ്ടുവന്നു. കേൾക്കുമ്പോൾ നൂതനവും വിപ്ലവകരവുമായ ആശയം. തന്റെ തന്ത്രം പാർട്ടിയെന്ന കുറ്റിയിൽ കൊണ്ടു കെട്ടിയപ്പോൾ പുറത്തുപോകേണ്ടിവന്നത് 33 സിറ്റിംഗ് എം.എൽ.എമാർക്കായിരുന്നു. പ്രഗത്ഭരായ അരഡസനിലേറെ മന്ത്രിമാരും. തനിക്ക് പലവിധത്തിലും അലോസരമാണ് ഇവരെന്ന് പിണറായിക്ക് ഭരണത്തിന്റെ പല ഘട്ടങ്ങളിലും തോന്നിയിട്ടുണ്ടാവും. അവർ വീണ്ടും അതേ സ്ഥാനത്ത് വരുന്നത് ബുദ്ധിമുട്ടാകുമെന്നുമറിയാം. അതിനാൽ പാർട്ടിയിൽ തന്നെ ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള ആരും അധികാരസ്ഥാനങ്ങളിലേക്ക് വരേണ്ടതില്ലെന്ന് തീരുമാനിച്ചു. 


എന്നാൽ തനിക്ക് വേണ്ടപ്പെട്ടവരെ ഇളവുനൽകി മത്സരിപ്പിക്കുകയും ചെയ്തു. മൂന്ന് ജയരാജൻന്മാരേയും ഒറ്റവെട്ടിനാണ് പിണറായി പുറത്തേക്കെറിഞ്ഞത്. മന്ത്രിസഭയിൽ 'സ്മാർട്ട്' എന്ന് തോന്നിയ ഡോ. തോമസ് ഐസക്, ജി.സുധാകരൻ, സി. രവീന്ദ്രനാഥ്, ഇ.പി. ജയരാജൻ, എ.കെ. ബാലൻ എന്നിവരെ ഒഴിവാക്കി. ഇനി അവർ ഓവർ സ്മാർട്ടായേക്കും! ഭരണം നടത്താൻ തനിക്ക് അറിയാമെന്നിരിക്കേ ഈ മിടുക്കന്മാരൊന്നും വേണ്ടെന്ന് ബോധ്യപ്പെടുത്തുകകൂടിയാണ് പിണറായി ഇതിലൂടെ ചെയ്തത്. 
വീണ്ടും മത്സരിച്ച മന്ത്രിമാരിൽ പിണറായിക്ക് കെ.ടി. ജലീലിനോട് മാത്രമാണ് ഏറെ താല്പര്യം. കെ.കെ. ശൈലജയെ ഒഴിവാക്കാനാവുമോ എന്ന പരീക്ഷണം കൂടിയാണ് എല്ലാവരും പുതുമുഖങ്ങൾ എന്ന ആശയം. ശൈലജ ജനപ്രിയയായി മാറുകയാണല്ലോ.


രാഷ്ട്രീയവശം മാറ്റിനിർത്തിയാൽ പുതുമുഖ മന്ത്രിമാർ എന്നത് നല്ല ആശയമാണ്. എന്നാൽ കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ സ്വിച്ച് ഇട്ടതുപോലെ ഭരണം തുടങ്ങേണ്ടതുണ്ട്. അത്രമാത്രം പ്രതിസന്ധികളാണ് സംസ്ഥാനത്തിന് മുന്നിൽ  വന്നുനിൽക്കുന്നത്. കോവിഡിന്റെ തീവ്രത, അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക പ്രതിസന്ധി ഇത്തരം കാര്യങ്ങൾ സർക്കാർ സത്യപ്രതിജ്ഞ ചെയ്താൽ ഉടൻ നേരിടേണ്ട പ്രശ്‌നങ്ങളാണ്. ഇതിനെ പുതിയ മന്ത്രിമാർക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് മുഖ്യപ്രശ്‌നം. 
ധനകാര്യം കൈകാര്യം ചെയ്യാൻ ആരെയാവും മുഖ്യമന്ത്രി ഏൽപിക്കുക എന്നത് ഏറെ ശ്രദ്ധേയമാണ്. ഒരു അക്കാദമിക് യോഗ്യതയുമില്ലാതിരുന്ന തച്ചടി പ്രഭാകരൻ മികച്ച ധനകാര്യമന്ത്രിയായി അംഗീകരിക്കപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ രണ്ട് തവണ ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത ഡോ. തോമസ് ഐസക് തന്റെ അക്കാദമിക പരിജ്ഞാനത്തെ സാമ്പത്തികമേഖലയിൽ പയറ്റുകയാണ് ചെയ്തുവന്നത്. പിണറായി സർക്കാരിന്റെ കൈവിട്ടുള്ള കളിക്ക് ഐസക്കിന്റെ ധനകാര്യ സർക്കസ് അത്ഭുതകരമായ താങ്ങായിരുന്നു. 


വികസനപ്രവർത്തനങ്ങൾക്കായി സർക്കാരിന് സമാന്തരമായി വികസിപ്പിച്ച കിഫ്ബി ഉദാഹരണമാണ്. കിഫ്ബി സമാഹരിച്ച പണം പകുതിപോലും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വലിയൊരു ധനസ്രോതസായി കിഫ്ബിയെ മാറ്റിയെടുത്തു. കടമെടുക്കാൻ പല ഉപായങ്ങളും ഐസക് കണ്ടുപിടിച്ചു. ധാരാളം കടം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിന്റെ തിരിച്ചടവ് തുടങ്ങേണ്ടത് ഈ സർക്കാരിന്റെ കാലത്താണ്. പുതിയ ധനമന്ത്രി ആരായാലും ഈ വെല്ലുവിളികളെ ഏറ്റെടുക്കാൻ കഴിയണം. പാർട്ടിയിലെ ബുദ്ധിജീവിയായ പി. രാജീവാകാം ധനമന്ത്രിയെന്ന് പറയുന്നുണ്ട്. ഭരണപരിചയം കരുതി കെ.കെ. ശൈലജയെ ധനകാര്യം ഏൽപിച്ചാലും വേണ്ടില്ല. ത്വരിതഗതിയിലുള്ള നീക്കങ്ങൾ ധനകാര്യവകുപ്പിന് ആവശ്യമായി വരും. 
വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രാവീണ്യമുള്ള കെ.എൻ. ബാലഗോപാൽ ആ വകുപ്പിലേക്ക് വന്നേക്കാം. എം.വി ഗോവിന്ദൻ വ്യവസായ വകുപ്പിലേക്ക് വന്നേക്കുമെന്നാണ് സൂചന. മറ്റുള്ളവരും പുതുമുഖങ്ങളാകാം. കേരളാ കോൺഗ്രസിൽനിന്നു റോഷി അഗസ്റ്റിനെപ്പോലെ പുതുമുഖ മന്ത്രിയായിരിക്കും ഉണ്ടാവുക. കെ.ബി. ഗണേഷ്‌കുമാറിനെ ഉൾപ്പെടുത്തിയാൽ പരിചയസമ്പന്നതയുണ്ടാകും. കെ .കൃഷ്ണൻകുട്ടിയോ മാത്യു ടി. തോമസോ ആയിരിക്കും മന്ത്രിയാവുക. ഇരുവരും ഭരണപരിചയമുള്ളരാണ്. 


പുതുമുഖങ്ങൾ വരുന്നത് ഭരണത്തിന്റെ ചടുതലയെ തുടക്കത്തിൽ ബാധിക്കുമെന്നതിൽ തർക്കമില്ല. മന്ത്രിമാർ ഫയലുകൾ നോക്കാൻ പഠിക്കുന്നതിനുതന്നെ ഒരു വർഷം വേണ്ടിവരും. വകുപ്പിന്റെ കാര്യങ്ങൾ സെക്രട്ടറിമാർ കൈകാര്യം ചെയ്യുന്ന അവസ്ഥായാവും തുടക്കത്തിൽ. ഭരണചക്രത്തിന് ഇളക്കമില്ലാതെ മണ്ണിൽ പുതഞ്ഞുനിൽക്കാൻ ഇത് ഇടയാക്കും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മന്ദത പ്രയാസമുണ്ടാക്കാതിരിക്കില്ല. എന്നാൽ കാലക്രമത്തിൽ ഭരണചക്രം ഉരുളുമെന്നതിൽ സംശയമില്ല. 


കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മോശം അഭിപ്രായം ഉണ്ടാക്കിയത് മുഖ്യമന്ത്രി കൈകാര്യം ചെയ്ത ആഭ്യന്തരം, വിജിലൻസ്, ഐ.ടി, പൊതുഭരണം തുടങ്ങിയവയിലാണ്. നിരവധി ഉപദേശകരെ വെച്ചാണ് മുഖ്യമന്ത്രി ഭരിച്ചതെങ്കിലും അത് പേരുദോഷമുണ്ടാക്കി. ആഭ്യന്തരവും വിജിലൻസും വിട്ടുകൊടുക്കാൻ ഇത്തവണയും മുഖ്യമന്ത്രി തയാറായെന്ന് വരില്ല. ഐടിയും മുഖ്യമന്ത്രിക്ക് പ്രിയമുള്ളതാണ്. പുതിയ മന്ത്രിസഭയെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും ഇപ്പോഴും ദുരൂഹതയാണ്. പാർട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി കൊടുക്കുന്ന ലിസ്റ്റ് അംഗീകരിക്കുകയേ വേണ്ടുയെങ്കിലും രഹസ്യമാണ് നീക്കങ്ങൾ. പുതുമുഖങ്ങളെ ഇറക്കി ഭരണം സ്വന്തം കൈകളിൽ സുരക്ഷിതമാക്കുകയാണ് പിണറായി ചെയ്യുകയെന്ന ആരോപണം തള്ളിക്കളയാനാവില്ല. 
വലിയ വിജയം നേടിക്കൊടുത്തത് തന്റെ ഭരണ മികവാണെന്നിരിക്കേ പി.ബിക്ക് പോലും മറുത്ത് പറയാനാകില്ലല്ലോ. തുടർച്ചയായ അധികാരം പിണറായി സർക്കാരിനെ ദുഷിപ്പിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
 

Latest News