Sorry, you need to enable JavaScript to visit this website.

ഹാലാന്റ് പിറന്ന നാട്

നോർവേയിലെ ശാന്തസുന്ദരമായ കർഷക ഗ്രാമമാണ് ബ്രൈൻ. പന്ത്രണ്ടായിരത്തോളം പേർ മാത്രം അധിവസിക്കുന്ന പ്രദേശം. വിന്റർ സ്‌പോർട്‌സാണ് ഇവിടുത്തുകാർക്ക് പ്രിയം. അവിടെയാണ് വർത്തമാന യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും ത്രസിപ്പിക്കുന്ന കളിക്കാരന്റെ ഉദയം.
എപ്പോഴും അവൻ സ്‌കോർ ചെയ്തു കൊണ്ടിരുന്നു എന്നാണ് എർലിംഗ് ബ്രൗട് ഹാലാന്റിനെക്കുറിച്ച് ആദ്യ പരിശീലകനായ ആൽഫ് ഇൻഗവെ ബേൺസ്റ്റൺ പറയുന്നത്. പ്രാദേശിക ഹൈസ്‌കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനാണ് ആൽഫ്. 12 വയസ്സുള്ളപ്പോൾ അവൻ 13 കാർക്കെതിരെ ഗോളടിച്ചു കൂട്ടി. റീജനൽ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഗോൾ വേട്ട നിന്നില്ല. 15-ാം വയസ്സിൽ യൂത്ത് ടീമിലെത്തി. നോർവേയുടെ യൂത്ത് ടീമിൽ സ്ഥാനം നേടി. അവൻ ഇവിടെയൊന്നും നിൽക്കില്ലെന്ന് അറിയാമായിരുന്നു. എന്നാൽ 19-20 വയസ്സുള്ളപ്പോൾ ചാമ്പ്യൻസ് ലീഗിലെ ടോപ്‌സ്‌കോററാവുന്ന വിധത്തിൽ പൊടുന്നനെ വളർച്ച ഉണ്ടാവുമെന്ന് ആരും കരുതിയില്ല -ആൽഫ് പറഞ്ഞു. 
നോർവേയിൽ ഏറ്റവുമധികം ട്രാക്ടറുകൾ ഉള്ള പ്രദേശമാണ് ബ്രൈൻ. ബ്രൗട് എന്ന ഗ്രാമീണ മേഖലയിലാണ് ബ്രൈൻ. ഏതാനും കിലോമീറ്റർ അകലെ ഹാലാന്റ് എന്ന പേരിൽ വ്യവസായ മേഖലയുണ്ട്. 


2000 ജൂലൈ 21 ന് ഇംഗ്ലണ്ടിലെ ലീഡ്‌സിലായിരുന്നു എർലിംഗ് ഹാലാന്റിന്റെ ജനനം. പിതാവ് ആൽഫ് ഇൻഗെ അതുവരെ ലീഡ്‌സിലായിരുന്നു കളിച്ചിരുന്നത്. എർലിംഗിന്റെ ജനനത്തിന് തൊട്ടുമുമ്പ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറി. ആൽഫ് ഇൻഗെ ഹാലാന്റ് 34 തവണ നോർവെയുടെ മധ്യനിര കാത്തു. കരിയറിലേറെയും പ്രീമിയർ ലീഗിലാണ് കളിച്ചത്. 2003 ൽ മാഞ്ചസ്റ്റർ സിറ്റിക്കു കളിക്കുന്ന കാലത്താണ് പരിക്ക് കാരണം വിരമിക്കേണ്ടി വന്നത്. അപ്പോൾ 30 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 
അതോടെ ബ്രൈനിലേക്ക് ആൽഫ് ഇൻഗെ ഹാലാന്റ് തിരിച്ചെത്തി. ആൽഫ് ഫുട്‌ബോളറായിരുന്നുവെങ്കിൽ ഭാര്യ ഗ്രൈ മാരിറ്റ ബ്രൗട് നോർവെയുടെ ഹെപ്റ്റാത്തലൺ ചാമ്പ്യനായിരുന്നു. യുവ ഹാലാന്റ് തെരഞ്ഞെടുത്തത് പിതാവിന്റെ പാതയാണ്. ആൽഫ് ഇൻഗവെ ബേൺസ്റ്റെന്റെ 40 ശിഷ്യന്മാരിലൊരാളായി എർലിംഗ് ഹാലാന്റ്. 39 ആൺകുട്ടികളും ഒരു പെൺകുട്ടിയും. ആ പെൺകുട്ടി. ആന്ദ്രെ നോർഹെയിം ഇന്ന് നോർവെ യൂത്ത് ഇന്റർനാഷനലാണ്.  
ക്യാമ്പിൽ എത്ര കഴിവുള്ള കുട്ടികളായാലും കഴിവ് കുറഞ്ഞ കുട്ടിയായാലും ഒരേ സമയമാണ് ലഭിക്കുക. ആരെയും ഒഴിവാക്കരുത് എന്നതാണ് തത്വം. 
എർലിംഗ് ഒരു കൊച്ചു പയ്യനായിരുന്നു. പക്ഷെ പിതാവിന്റെ പാരമ്പര്യമുണ്ടാവുമല്ലോ? മറ്റുള്ളവരെക്കാൾ ചെറുതായിട്ടും എർലിംഗ് ഗോളടിച്ചു കൂട്ടി. കുറച്ച് മെയ്ക്കരുത്തും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു -ബേൺസ്‌റ്റെൻ പറയുന്നു. പതിനഞ്ചിനടുത്ത് പ്രായമായപ്പോഴാണ് പൊടുന്നനെ എർലിംഗ് വളർന്നത്. ഇപ്പോൾ ആറടി നാലിഞ്ചാണ് ഉയരം. 
ബേൺസ്‌റ്റൈന്റെ 40 ശിഷ്യന്മാരിൽ അഞ്ചു പേർ നോർവെ ദേശീയ ടീമിലെത്തി. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ മാതൃകകളാണ് അവർ. ഈ കൊച്ചു പ്രദേശത്തുനിന്ന് വന്ന് വമ്പൻ ക്ലബുകളിൽ കളിക്കുന്നതു കാണുമ്പോൾ എന്തും സാധ്യമാണെന്ന് അവർ വിശ്വസിക്കുന്നു.

Latest News