Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മരിച്ചവരുടെ അന്തസ്സ് സംരക്ഷിക്കാന്‍ നിയമനിര്‍മാണം വേണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ന്യൂദല്‍ഹി- കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. മരണപ്പെട്ടവരുടെ അന്തസ്സും അവകാശവും ഉയര്‍ത്തിപ്പിടിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. മരിച്ചവരുടെ അന്തസ്സിന് ക്ഷതമേല്‍പ്പിക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നത് ഒഴിവാക്കണമെന്നുളള നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനകേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയ്ക്ക് വിശദമായ നിര്‍ദേശങ്ങള്‍ മനുഷ്യാവകാശ കമ്മിഷന്‍ അയച്ചിട്ടുണ്ട്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല മരിച്ചവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതും മൃതദേഹങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ തടയേണ്ടതും ഭരണകൂടത്തിന്റെ കടമയാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നു.കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അധികൃതരോട് താല്ക്കാലിക ശ്മശാനങ്ങള്‍ നിര്‍മിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വലിയതോതില്‍ ചിത കത്തുന്നതിലൂടെ ഉയരുന്ന പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാതിരിക്കാനായി വൈദ്യുത ശ്മശാനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.മൃതദേഹങ്ങളുടെ അന്തസ്സ് ഉയര്‍ത്തിപ്പിക്കുന്നത് ഉറപ്പാക്കുന്നതിനായി മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ശ്മശാനത്തിലെ ജീവനക്കാര്‍ ബോധവാന്മാരായിരിക്കണം. അവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണം. കുടുംബാംഗങ്ങളും കോവിഡ് ബാധിതരായതിനാല്‍ മൂലം അന്ത്യകര്‍മങ്ങള്‍ നടത്താന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി അന്ത്യകര്‍മങ്ങള്‍ നടത്താനുളള നടപടികള്‍ പ്രദേശിക ഭരണകൂടം സ്വീകരിക്കണം.
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായുളള നടപടികള്‍ സ്വീകരിക്കണം. ദുരന്തങ്ങളില്‍ മരിച്ചവരേയും കാണാതായവരേയും കുറിച്ചുളള വിവരങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സംസ്ഥാന അധികൃതര്‍ ഉറപ്പുവരുത്തണം. അമിതചാര്‍ജ് ഈടാക്കുന്ന ആംബുലന്‍സുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അത്തരം മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 

Latest News