ഈരാറ്റുപേട്ട- മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷപരാമര്‍ശങ്ങളുമായി വീണ്ടും രംഗത്തുവന്ന പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരേ ഈരാറ്റുപേട്ട പോലിസില്‍ പരാതി.
ഈരാറ്റുപേട്ട നടയ്ക്കല്‍ കാരയ്ക്കാട് സ്വദേശി എം എം മുജീബാണ് പി സി ജോര്‍ജിനെതിരേ നടപടിയാവശ്യപ്പെട്ട് ഈരാറ്റുപേട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.
മെയ് ഒമ്പതിന് പി സി ജോര്‍ജ് നവകേരള ന്യൂസ് എന്ന ഓണ്‍ലൈന്‍ ചാനലിലെ അഭിമുഖത്തില്‍ മുസ്ലിം സമുദായത്തെ വളരെ മ്ലേച്ഛമായും മറ്റ് മതസ്ഥരുമായി സ്പര്‍ദയുണ്ടാക്കുംവിധം നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്ക് അടിസ്ഥാനം.
![]() |
അവസാന നിമിഷം 48 പേര്‍ക്ക് പോസിറ്റീവ്, ഇന്ത്യയില്‍നിന്ന് 72 പേരുടെ യാത്ര മുടങ്ങി |
സോഷ്യല്‍ മീഡിയയിലും പൊതു ഇടങ്ങളിലും മുസ്ലിം സമുദായത്തെ കരിവാരിത്തേച്ചും അവഹേളിക്കുന്ന തരത്തിലും നിരവധി തവണ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്.
ഒമ്പതിന് നല്‍കിയ അഭിമുഖത്തില്‍ ‘ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്ണുങ്ങളെ മുസ്‌ലിമാക്കി രണ്ടുലക്ഷത്തിനെയും പ്രസവിപ്പിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കി’ എന്നും 2030ല്‍ കേരളം മുസ്ലിം സ്റ്റേറ്റാക്കുമെന്നും 2040 ല്‍ മുസ്‌ലിം രാജ്യമാക്കുമെന്നും പറഞ്ഞിട്ടുണ്ട്.
കൂടാതെ 15 ലക്ഷം ക്രിസ്ത്യാനികളെ വരെ വെടിവച്ചുകൊന്നിട്ടുണ്ടെന്നും ചാനലില്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ക്രിസ്ത്യന്‍- മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയും പരസ്പര ഭീതിയും സംശയവുമുണ്ടാക്കുന്ന വിധത്തിലുള്ളതാണെന്ന് പരാതിയില്‍ പറയുന്നു.
ഉത്തരവാദപ്പെട്ട ജനപ്രതിനിധിയില്‍നിന്ന് ഇത്തരം പ്രവൃത്തികളുണ്ടാവുന്നത് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കുന്നതിന് വേണ്ടിയാണ്.
പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ അധാര്‍മികവും നിയമവിരുദ്ധവും ഇന്ത്യന്‍ ശിക്ഷാനിയമം 153, 153 (എ), 502 (2) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അതിനാല്‍, പി സി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. വിവാദ അഭിമുഖത്തിന്റെ പകര്‍പ്പ് പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.