അവസാന നിമിഷം 48 പേര്‍ക്ക് പോസിറ്റീവ്, ഇന്ത്യയില്‍നിന്ന് 72 പേരുടെ യാത്ര മുടങ്ങി

സിഡ്‌നി-വൈറസ് വ്യാപനം രൂക്ഷമായ ഇന്ത്യ വിട്ട 70 ഓസ്‌ട്രേലിയന്‍ പൗരന്മാരുമായി പ്രത്യേക വിമാനം ഡര്‍വിന്‍ എയര്‍പോര്‍ട്ടിലെത്തി. ഇന്ത്യയില്‍നിന്നുള്ള വിമാന വിലക്ക് അവസാനിച്ചതിനെ തുടര്‍ന്നുള്ള ആദ്യ വിമാനമാണിത്. 150 യാത്രക്കാരാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും 72 പേരുടെ യാത്ര മുടങ്ങി. കോവിഡ് പരിശോധനയില്‍ പോസിറ്റീവായ 48 പേര്‍ക്കും ഇവരോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 22 പേര്‍ക്കുമാണ് അവസാന നിമിഷം യാത്ര മുടങ്ങിയതെന്ന് ഉത്തര പ്രവിശ്യാ ആരോഗ്യ വക്താവ് പറഞ്ഞു.


വൈറസ് പരിശോധനയില്‍ പോസിറ്റീവായവരും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരും നെഗറ്റീവാകുന്നതുവരെ ഇന്ത്യയില്‍ തുടരും.
ഓസ്‌ട്രേലിയയില്‍ എത്തിയവരും രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്.

ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ വിവാദ വിലക്ക് വെള്ളിയാഴ്ച രാത്രിയാണ് അവസാനിച്ചത്. വിലക്ക് ലംഘിച്ച് വരാന്‍ ശ്രമിക്കുന്ന ഓസ്‌ട്രേലിയന്‍ പൗരന്മാരടക്കമുള്ളവരെ ജയിലിലടക്കുമെന്ന ഗവണ്‍മെന്റിന്റെ മുന്നറിയിപ്പ് വിവാദമായിരുന്നു.


പ്രതിദിനം പതിനായിരങ്ങള്‍ക്ക് കോവിഡ് ബാധിക്കുന്ന ഇന്ത്യയില്‍ 9000 ഓസ്‌ട്രേലിയക്കാരുണ്ടെന്നാണ് കരുതുന്നത്. 2020 മാര്‍ച്ച് മുതല്‍ വിദേശത്തേക്ക് പോകുന്നതില്‍നിന്ന് ഓസ്‌ട്രേലിയക്കാരെ തടഞ്ഞിരുന്നു.പ്രത്യേക അനുമതി ലഭിക്കുന്നവരെ മാത്രമാണ് വിദേശ സന്ദര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നത്.

 

Latest News