Sorry, you need to enable JavaScript to visit this website.

സമ്പൂർണത തേടി  ആത്മസംഘർഷമനുഭവിക്കുന്നവർ

'ഞാൻ പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ, കൈയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ' എന്ന് വിനയാന്വിതം വിലപിക്കുന്നുണ്ട് ഗീതാജ്ഞലിയിൽവിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോർ.കോഴിക്കോട് അബ്ദുൽ ഖാദറിന്റെ മനോഹര ശബ്ദത്തിൽ ഈ ഗാനം ഇപ്പോഴും ചെവിയിൽ മൂളുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങൾ പരമാവധി ഭംഗിയായി ചെയ്യുക എന്നത്ഒരു നല്ല ഗുണമാണ്. എന്നാൽ ചെയ്യുന്ന കാര്യങ്ങൾ പരിപൂർണമായി കുറ്റമറ്റ രീതിയിൽ ചെയ്യണമെന്നുള്ള അടങ്ങാത്ത അഭിലാഷം കൊണ്ട് നടക്കുന്നവരാണ് ചിലർ. അങ്ങനെയുള്ളവർ സത്യത്തിൽ പല കാര്യങ്ങളും തുടങ്ങാനും ചെയ്യാനുംവൈകുന്നു എന്ന് മാത്രമല്ലചെയ്യുന്ന കാര്യങ്ങളിൽ അവർക്ക് വേണ്ടത്ര തൃപ്തി അനുഭവിക്കാനും പലപ്പോഴും കഴിയാറില്ല. അത് കൊണ്ട് തന്നെ അവർ ഉത്തരവാദിത്ത ബാഹുല്യത്തിലൂടെ കടന്ന് പോവുന്നതോടൊപ്പം ഒരുപാട് മാനസിക സംഘർഷത്തിനും അടിമപ്പെടുന്നു എന്നതാണ് യാഥാർഥ്യം. നാൾക്കുനാൾ നിരാശാബോധം അവരെ കീഴ്‌പ്പെടുത്തുന്നു. ക്രമേണ അവർ ആത്മനിന്ദയിലേക്കുംനിഷ്‌ക്രിയത്വത്തിലേക്കും വഴുതി വീഴുന്നു. 
ചെയ്യുന്ന കാര്യങ്ങളെല്ലാം കുറ്റമറ്റതും സമ്പൂർണവും ആവണമെന്ന തീവ്രമോഹം കൊണ്ടു നടക്കുന്നവർ സങ്കേതികമായി അറിയപ്പെടുന്നത് സമ്പൂർണതാവാദികൾ അഥവാ പെർഫക്ഷനിസ്റ്റ്എന്ന പേരിലാണ്. പരിധിവിട്ട സമ്പൂർണതാമോഹം ഒരുതരം മനോവൈകല്യം കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു. 


ഇത്തരക്കാർ പലപ്പോഴും അപ്രാപ്യമായ ലക്ഷ്യങ്ങൾ ഉന്നം വെച്ച് സമയക്രമം കണക്കിലെടുക്കാതെ പല പദ്ധതികളും പരിപാടികളും ആവിഷ്‌ക്കരിക്കുന്നു. ഉത്തരവാദിത്തങ്ങളുടേയും പ്രവർത്തനങ്ങളുടേയും വികേന്ദ്രീകരണത്തിലൂടെ സാധ്യമാക്കിയെടുക്കേണ്ട പല കാര്യങ്ങളും സ്വയം ഏറ്റെടുടുത്ത് വീർപ്പ് മുട്ടുകയും പിന്നീട് ഏറെ ഖേദിക്കുകയും ചെയ്യുന്നു. കൂടുതൽ മെച്ചപ്പെട്ട ഫലം ഉണ്ടാവാനായി സ്വയം ചെയ്താലേ തികവുണ്ടാവൂ എന്ന തോന്നലാണവരിൽ ചിലർക്ക്. ചിലരാകട്ടെ കാര്യങ്ങൾ കുറ്റമറ്റ രീതിയിലാവണമെന്ന നിഷ്‌കർഷയുള്ളവരാണെന്നാകിലും ഇടപെടേണ്ട സമയങ്ങളിൽ ഇടപെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിലുംപരസ്പരാദരവോടെ ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിലും വേണ്ടത്ര ശ്രദ്ധിക്കാറില്ല. മാത്രമല്ല,മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളിലെ ന്യൂനതകൾ പർവതീകരിച്ച്പ്രതിപക്ഷ ബഹുമാനമോ കരുതലോ ഇല്ലാതെ അവർ തികച്ചും നിർദയമായും പരുഷമായും കാര്യങ്ങൾ അവതരിപ്പിച്ച് പെർഫക്ഷനിസത്തിന്റെ വാക്താവായി മാറുന്നത് കാണാം. എത്ര തന്നെ ത്യാഗം സഹിച്ചാലും സമ്പൂർണമായ അർഥത്തിൽ എല്ലാ കാര്യങ്ങളും എപ്പോഴും വിജയിപ്പിച്ചെടുക്കാൻ കഴിയണമെന്നില്ല. 


മനുഷ്യ വിഭവശേഷിയുടെ പരിമിതിയാണത്. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുകയെന്ന പ്രയോഗം പലരും കേട്ടു കാണും. ശുചിത്വം കുട്ടിക്ക് അത്യാവശ്യമാണ്. അതിന് കുളി ഏറെ പ്രധാനവുമാണ്. നേരവും കാലവും നോക്കാതെ ഇടതടവില്ലാതെ വൃത്തിയുടേയും വെടിപ്പിന്റെയും പേരിൽ കുട്ടിയെ നിരന്തരം കുളിപ്പിച്ചാൽ കുട്ടിയുടെ നിലനിൽപിനെ തന്നെ അത് പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവുണ്ടാക്കുന്ന ഒരു പഴമൊഴിയാണത്. 


കൂടുതൽ കൂടുതൽ കിടയറ്റ മികച്ച തരത്തിലുള്ള ഉൽപന്നത്തിനും, കലാപ്രകടനത്തിനും, എഴുത്തിനും, പ്രഭാഷണത്തിനും ഒരുങ്ങി ഒരുങ്ങി ഒരിക്കൽ പോലും ഒരുൽപന്നവും മാർക്കറ്റിലെത്തിക്കാനാവാതെ, വേദിയിൽ കയറി ഒന്നും അവതരിപ്പിക്കാനാവാതെ, ഒരു ലഘു പ്രഭാഷണം നടത്താനോ ഒരു കുറിപ്പോ അഭിപ്രായമോ പോലും എഴുതാനാവാതെ പരുങ്ങി പതുങ്ങി ഇത്തരക്കാർ മടിച്ച് മാറി നിൽക്കുന്നന്നതായി കാണാം. 
കൂടുതൽ മെച്ചപ്പെട്ട തരത്തിൽ രംഗ പ്രവേശം ചെയ്യാനുള്ള അവസരത്തിന് കാത്തിരിക്കുകയാണ് അവർ. ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞ് പോയിട്ടുണ്ടാവും. മറ്റുള്ളവർ എന്ത് കരുതും എന്ന അടിസ്ഥാന രഹിതമായ ഭീതിയും ആത്മാവിഷ്‌ക്കാരങ്ങളിൽനിന്ന് അവരെ പിറകോട്ട് വലിക്കുന്നതായി കാണാം. 


മുതിർന്നവരിലും ചെറുപ്പക്കാരിലും ഒരേ പോലെഈ മനോഭാവം സാധാരണയായി കണ്ടുവരാറുണ്ട്. സമ്പൂർണതാ മോഹം കൂടുതലുള്ളവർക്ക് പലപ്പോഴുംചെയ്യുന്നതെല്ലാം കുറ്റമറ്റത് ആവണം എന്ന അവരുടെ മോഹമാണെന്ന് പറഞ്ഞുവല്ലോ? സ്‌കൂൾ കാലങ്ങളിൽ കൂടുതൽ നന്നായി പഠിക്കുന്നവരെയും കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യുന്നവരെയും മാതൃകയാക്കാൻ മാതാപിതാക്കളും അധ്യാപകരും നിരന്തരമായി ഉപദേശിക്കുന്നതിനാൽ അധിക കുട്ടികളിലും താൻ ചെയ്താൽ അത്ര ശരിയാവില്ല എന്ന തോന്നൽ ഉടലെടുക്കുന്നു. കൂടാതെ താൻചെയ്യുന്നത് വേണ്ടത്ര വിജയിക്കില്ല എന്ന തോന്നലും അവരെ വേട്ടയാടുന്നു. ചിലരിൽ താൻ ചെയ്താലെ അത് കുറ്റമറ്റതാകൂ എന്ന ചിന്തയും വേരോടുന്നു. അതുകൊണ്ടുതന്നെ അവർ ഇന്ന് ചെയ്യേണ്ടകാര്യങ്ങൾ നാളെ ചെയ്യാം, പിന്നീടാവാം എന്ന് നീട്ടി വയ്ക്കുക പതിവാണ്. അതിനാൽ തന്നെ അവർക്ക് സ്വസ്ഥതയും ഉല്ലാസവും താരതമ്യേന കുറവായിരിക്കും. 


അവർ വ്യക്തി ബന്ധങ്ങളിലുംതൊഴിൽ ബന്ധങ്ങളിലും പിരിമുറുക്കങ്ങൾക്ക് എളുപ്പത്തിൽ വിധേയമാവുന്നു. 
സമ്പൂർണതാ മനോഭാവംവേരുറയ്ക്കുന്നതിന് വിദ്യാലയ അന്തരീക്ഷം ഒരു പരിധി വരെ കാരണമാകുന്നുണ്ട്.ചെയ്യുന്ന കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ച് ചെയ്യിപ്പിച്ച് ചില അധ്യാപകർ കുട്ടികളിൽ തങ്ങൾ കഴിവുകെട്ടവർ ആണെന്നുള്ള തോന്നൽ ഉണ്ടാക്കിയെടുക്കുന്നതിനിടയാക്കുന്നുണ്ട്. ഒരുപാട് കഴിവുകൾ ഉണ്ടായിരുന്നിട്ടും അവയൊന്നും പുറത്തെടുക്കാതെ പിറകോട്ട് മാറി നിൽക്കുന്ന പലരുടെയും ആന്തരികമായ സംഘർഷങ്ങൾക്ക്പിന്നിൽ ഈ സമ്പൂർണതാ മനോഭാവമാണ്. ഈ ഭാവത്തിന് വിത്ത് പാകുന്നതോ അധമ വികാരം കുട്ടികളിൽ ഉൽപാദിപ്പിച്ച മാതാപിതാക്കളും അധ്യാപകരും ആണെന്നും കാണാവുന്നതാണ്. 


ഈ മനോഭാവത്തിൽ കാര്യമായ മാറ്റം വരുത്താൻബോധ പൂർവമുള്ളചില പരിശ്രമങ്ങളിലൂടെ കഴിയും. യഥാർഥ്യ ബോധത്തോടെ, നേടാൻ കഴിയുന്ന ലക്ഷ്യങ്ങൾ രൂപീകരിച്ച് സമയ ബന്ധിതമായി മുന്നേറുക;ചെയ്ത് തീർക്കേണ്ട വലിയ കാര്യങ്ങളെ എളുപ്പത്തിൽ ചെയ്യാവുന്ന ചെറിയ ചെറിയ പ്രവൃത്തികളാക്കി മാറ്റി ചെയ്തു തുടങ്ങുക; ഒരു സമയത്ത് പല കാര്യങ്ങളിൽ ഇടപെടുന്നതിന് പകരം ഒരു കാര്യത്തിൽ മാത്രംശ്രദ്ധകേന്ദ്രീകരിക്കുക; പിഴവുകൾ വരുത്തുന്നത് മനുഷ്യ സഹജമാണ് എന്ന ബോധം ഉണ്ടാവുക:ബോധപൂർവം പിഴവുകൾ വരുത്താതിരിക്കുകയും സ്വാഭാവികമായിവന്നു പോവുന്നപിഴവുകളിൽനിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറുകയും ചെയ്യുക;സംഘ ബോധവും, ഉത്തരവാദിത്ത വികേന്ദ്രീകരണവും അന്യരുടെ സാധ്യതകളെയും പരിമിതികളേയും തിരിച്ചറിഞ്ഞുള്ള പ്രവൃത്തി വിഭജനവും ശീലിക്കുക; കുറ്റപ്പെടുത്തലും പരാജയഭീതിയുംമൂലം നിരാശനും നിഷ്‌ക്രിയനുമാവുന്നതിന് പകരം പരാജയത്തെ പഠന അനുഭവമാക്കികുറ്റപ്പെടുത്തുന്നവരേ പോലും തന്റെ സിദ്ധി പോഷണത്തിനുള്ള സഹായികളായി ഗണിച്ച് വിജയത്തിലേക്കുള്ള വഴി കൂടുതൽ സുഗമമാക്കുകയും ചെയ്യാവുന്നതാണ്.
 

Latest News