ന്യൂദല്‍ഹി- കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ യോഗങ്ങള്‍ ചേരാന്‍ പാര്‍ലമെന്റ് സമിതികളെ അനുവദിക്കണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷനും ലോക്‌സഭാ സ്പീക്കറും തള്ളി. പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ചില പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. എന്നാല്‍ സാങ്കേതികത്വവും രഹസ്യാത്മകതയും ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതിയും ലോക്‌സഭാ സ്പീക്കറും ഈ ആവശ്യം നിരാകരിച്ചത്. സാഹചര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയാല്‍ സാധാരണ പോലെ യോഗങ്ങള്‍ ചേരാമെന്നും വെര്‍ച്വല്‍ യോഗങ്ങള്‍ ചേരണമെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരുമെന്നും രാജ്യസഭാ സെക്രട്ടറിയേറ്റ് കുറിപ്പില്‍ അറിയിച്ചു.
പുതിയ പാര്‍ലമെന്റ് കെട്ടിടം അവശ്യ പ്രവൃത്തിയാക്കി മാറ്റിയ സര്‍ക്കാരിന് എന്തുകൊണ്ട് നിയമനിര്‍മാണ സഭകളുടെ പ്രവര്‍ത്തനങ്ങളെ അത്യാവശ്യമായി കാണാനാകുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്യുന്നുമുണ്ട്. വിവിധ പാര്‍ലമെന്റ് സമിതികളുടെ യോഗങ്ങള്‍ കോവിഡ് കാരണം വെര്‍ച്വലായി നടത്താന്‍ അനുവദിക്കണെന്ന് ഒരു വര്‍ഷത്തോളമായി പലപാര്‍ട്ടികളും ആവശ്യപ്പെട്ടുവരികയാണ്.
പ്രധാനമന്ത്രി എല്ലാ യോഗങ്ങളും വെര്‍ച്വലായി നടത്തിവരുന്നു. എന്നാല്‍ 30ഓളം എംപിമാരെ അനുവദിക്കുന്നില്ല. ഇന്ത്യയിലെ പോലെ മറ്റൊരിടത്തും ഇതുപോലെ പാര്‍ലമെന്റ് സ്വന്തം ചുമതലകളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല- കോണ്‍ഗ്രസ് എംപി ജയ്‌റാം രമേശ് പറഞ്ഞു. ഒരു ദേശീയ ദുരന്ത വേളയിലും അനാവശ്യമായ പുതിയ പാര്‍ലമെന്റ് കെട്ടിട നിര്‍മാണം അവശ്യ സേവന ഗണത്തില്‍ ഉള്‍പ്പെടുത്തി നടത്തിവരുന്നു. എന്നാല്‍ പാര്‍ലമെന്റ് സ്ഥിര സമിതികളുടെ വെര്‍ച്വല്‍ യോഗങ്ങള്‍ അനുവദിക്കുന്ന തരത്തില്‍ ലളിതമായ ചട്ട ഭേദഗതിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കോടതികളും കേന്ദ്ര മന്ത്രിസഭയും വെര്‍ച്വലായി യോഗം ചേരുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റ് സമിതികള്‍ക്കു മാത്രമെന്താണ് വിലക്കെന്നും പ്രതിപക്ഷം ചോദിക്കുന്നു. യുഎസ്, ബ്രിട്ടന്‍, കാനഡ അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ പാര്‍ലമെന്റ് സമിതികള്‍ വെര്‍ച്വലായി പ്രവര്‍ത്തിക്കുന്നുണ്ട്.






