മക്ക - പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ദഫ്മുട്ടിന്റെയും പാട്ടിന്റെയും അകമ്പടിയോടെ പരമ്പരാഗത നൃത്തപരിപാടി സംഘടിപ്പിച്ചവരെ പോലീസ് ഇടപെട്ട് പിരിച്ചുവിട്ടു. ചുറ്റുമതിലോടു കൂടിയ കോംപൗണ്ടിലാണ് പെരുന്നാൾ ദിനത്തിൽ പരിസരവാസികൾ നൃത്തപരിപാടി സംഘടിപ്പിച്ചത്. നിരവധി പേർ ഇത് വീക്ഷിക്കാൻ തടിച്ചുകൂടിയിരുന്നു. ആരോഗ്യ മുൻകരുതലുകൾ ലംഘിച്ച് ഒത്തുചേർന്നവരെ പോലീസ് ഇടപെട്ട് പിരിച്ചുവിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സൗദി പൗരൻ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
അൽഉതൈബിയയിലെ കോംപൗണ്ടിലാണ് നൃത്തപരിപാടി സംഘടിപ്പിച്ചത്. ദഫ്മുട്ടിന്റെയും സംഘഗാനത്തിന്റെയും അകമ്പടിയോടെ വിറക് കൂട്ടിയിട്ട് കത്തിച്ച് അതിനു ചുറ്റും മുട്ടൻ വടികളേന്തി ആളുകൾ നൃത്തം ചെയ്യുകയും ഇത് കാണാൻ മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ച് നിരവധി പേർ ഒത്തുചേരുകയുമായിരുന്നു. അപ്രതീക്ഷിതമായി പോലീസ് എത്തിയതോടെ തീയണച്ച് ആളുകൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു.






