ഷിംല- കോൺഗ്രസിനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുത്തിട്ടും ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്കുള്ളിൽ പുതിയ മുഖ്യമന്ത്രിയെ ചൊല്ലി രൂക്ഷമായ ഭിന്നത. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കേന്ദ്ര നിരീക്ഷകരായി എത്തിയ കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും നരേന്ദ്ര ടോമറും പാർട്ടി നേതാക്കളേയും ആർ.എസ്.എസ് നേതാക്കളേയും കണ്ട് ചർച്ച നടത്തി ദൽഹിയിലേക്കു തന്നെ തിരിച്ചു പോയി. മുൻമുഖ്യമന്ത്രിയും ഈ തെരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്ത പ്രേം കുമാർ ധുമലിന്റേയും ജയ്‌റാം ഠാക്കൂറിന്റേയും അനുയായികൾ ചേരിതിരിഞ്ഞ് തങ്ങളുടെ നേതാക്കൾക്കു വേണ്ടി ശക്തമായി നിലകൊള്ളുകയാണ്.
കഴിഞ്ഞ ദിവസം കേന്ദ്ര നിരീക്ഷകർ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയ ഷിംലയിലെ ഹോട്ടലിനു സമീപം തടിച്ചുകൂടിയ ഇരുവിഭാഗവും തങ്ങളുടെ നേതാക്കൾക്കു വേണ്ടി മുദ്രാവാക്യങ്ങൾ വിളിച്ചു ബഹളമുണ്ടാക്കി. ഹോട്ടലിൽ നിന്നു മടങ്ങുന്നതിനിടെ പ്രതിഷേധവുമായി ഇവർ കേന്ദ്ര നിരീക്ഷകരുടെ വാഹനങ്ങൾ തടയാനും ശ്രമിച്ചു.
44 ബിജെപി എം.എൽ.എമാരിൽ 26 പേരും ധുമലിനെ പിന്തുണയ്ക്കുന്നവരാണെന്നും സംസ്ഥാനത്ത് ബി.ജെ.പി ശക്തമായ തിരിച്ചുവരവ് നടത്തിയത് മുൻമുഖ്യമന്ത്രിയായ ധുമലിന്റെ കാര്യമായ പ്രവർത്തനമാണെന്നുമാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. ധുമലിനെ ജയിക്കുമെന്നുറപ്പുള്ള മണ്ഡലമായ ഹമിർപൂരിൽ നിന്നും മാറ്റി കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ സുജൻപൂരിലേക്ക് മാറ്റിയതും ധുമലിന്റെ തോൽവി ഉറപ്പിക്കാനായിരുന്നെന്നും അവർ ആരോപിച്ചു. കോൺഗ്രസിലെ കരുത്തനായ രജീന്ദർ റാണയോടാണ് സുജൻപൂരിൽ ധുമൽ തോറ്റത്.
എന്നാൽ തെരഞ്ഞെടുപ്പിൽ ജയിച്ച എം.എൽ.എമാരിൽ നിന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ആർ.എസ്.എസ് പശ്ചാത്തലവും രാഷ്ട്രീയ പരിചയവമുള്ള ഠാക്കൂറിനാണ് അർഹതയെന്ന് ഇവർ വാദിക്കുന്നു.