കൊറോണയ്ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; ട്വിറ്ററില്‍ കൊട്ട്

ഡെറാഡൂണ്‍- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പദവിയില്‍ നിന്ന് രണ്ടു മാസം മുമ്പ് ബിജെപി നീക്കം ചെയ്ത മുതിര്‍ന്ന നേതാവ് ത്രിവേന്ദ്ര സിങ് റാവത് കൊറോണ വൈറസിന് ജീവിക്കാനുള്ള അവകാശമുണ്ടെന്ന വിചിത്ര വാദവുമായി രംഗത്ത്. ഒരു പ്രാദേശിക വാര്‍ത്താ ചനലിനു നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ ദിവസം ത്രിവേന്ദ്ര സിങ് ഈ വാദം ഉന്നയിച്ചത്. 'തത്വചിന്താപരമായി നോക്കുകയാണെങ്കില്‍ കൊറോണ വൈറസും ഒരു ജീവിയാണ്, അതിനു ജീവിക്കണം. ജീവിക്കാനുള്ള അവകാശം മനുഷ്യരെ പോലെ അതിനുമുണ്ട്. എങ്കിലും മറ്റു ജീവികളേക്കാള്‍ ബുദ്ധിശാലികളായാണ് നാം സ്വയം വിലയിരുത്തുന്നത്. നാം ഇപ്പോള്‍ കൊറോണയ്ക്ക് പിന്നാലെയാണ്. എന്നാല്‍ രക്ഷപ്പെടാനായി വൈറസ് നിരന്തരം അതിന്റെ രൂപം മാറ്റിക്കൊണ്ടിരിക്കുകയാണ,്' ത്രിവേന്ദ്ര പറഞ്ഞു. 

അഭിമുഖത്തിനിടെ റാവത്ത് ഇതു പറയുന്ന വിഡിയോ വൈറലായി. പല കോണുകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. വിഡ്ഢിത്തവും അസംബന്ധവുമാണ് മുന്‍ മുഖ്യമന്ത്രി വിളിച്ചു പറയുന്നതെന്നും അദ്ദേഹത്തെ പാര്‍ട്ടി മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറ്റിയത് വെളിവില്ലാത്തത് കൊണ്ടാണെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സൂര്യകാന്ത് ധസ്മാന പറഞ്ഞു. 

സമൂഹ മാധ്യമങ്ങളിലും രൂക്ഷമായ പരിഹാസമാണ് ത്രിവേന്ദ്രയ്‌ക്കെതിരെ ഉയരുന്നത്. കൊറോണ വൈറസിന് നമുക്ക് സെന്‍ട്രല്‍ വിസ്റ്റയില്‍ ഒരു വീടു കൂടി പണിതു കൊടുത്ത് അവിടെ പാര്‍പ്പിക്കാം എന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസറുടെ പരിഹാസം.
 

Latest News