ഫുട്ബോളിനെ സ്നേഹിക്കുന്ന കാസർകോടിന് അഭിമാനമായി ഉദുമ പടിഞ്ഞാർ സ്വദേശി ഇർഷാദ് അലി. മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന അണ്ടർ 15 യൂത്ത് ഐ-ലീഗ് മത്സരങ്ങൾ നിയന്ത്രിച്ചവരിൽ ഇർഷാദുമുണ്ടായിരുന്നു. കാസർകോട്ട് നിന്നു ആദ്യമായാണ് ഒരാൾ ഐ-ലീഗിലേക്ക് റഫറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇർഷാദിനെ കൂടാതെ മൂന്നു പേർക്ക് കൂടി ഇത്തവണ കേരളത്തിൽ നിന്നു അവസരം ലഭിച്ചു. കഠിന പ്രയത്നവും ആത്മവിശ്വാസവുമാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെന്ന് ഇർഷാദ് പറഞ്ഞു. ചെറുപ്പം തൊട്ടുതന്നെ കാൽപന്തു കളിയിൽ അതീവ തൽപരനായിരുന്ന ഇർഷാദ് ജില്ലക്കകത്തും പുറത്തുമായി നിരവധി മത്സരങ്ങൾ കളിച്ചും നിയന്ത്രിച്ചും പരിചയ സമ്പന്നനാണ്. ഒരുമാസം മുമ്പ് ബ്രിട്ടീഷ് കൗൺസിലും ഇംഗ്ലീഷ് പ്രീമിയർ ലീഗും മുംബൈയിൽ സംഘടിപ്പിച്ച പ്രീമിയർ സ്കിൽ കോഴ്സിലും ഇർഷാദ് മികവ് തെളിയിച്ചിരുന്നു. നേരത്തെ 'പ്രൊജക്ട് ഫ്യൂച്ചർ ഇന്ത്യ 2016' യൂത്ത് റഫറീസ് ക്യാമ്പിൽ കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു യുവ ഫുട്ബോൾ റഫറിയായി ഇർഷാദ്. കാസർകോട് അണ്ടർ 17 ടീമിന് വേണ്ടി കളിച്ചിരുന്നു. 2016 ൽ അണ്ടർ-21 ജില്ലാ ടീമിന്റെ വൈസ് ക്യാപ്റ്റനായി.
ഉദുമയിലെ റീമർ പടിഞ്ഞാർ, നാഷണൽ മില്ലത്ത്, ദീനാർ കാപ്പിൽ, ബാജിയോ ഫാൻസ് ക്ലബ്ബുകളുടെ താരമാണ്. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ കായികധ്യാപകനും സീനിയർ റഫറിയുമായ ഉദുമയിലെ പ്രസീദാണ് ഇർഷാദിനെ ഫുട്ബോൾ റഫറി രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. ഉദുമ പടിഞ്ഞാറിലെ മുഹമ്മദാലി-റിയുമ്മ ദമ്പതികളുടെ മകനാണ് ഇർഷാദ്.






